
കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ദുരൂഹതയുണർത്തുന്ന സംഭവം. ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ ഒരു വസ്തു കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. ഇത് മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തുവന്നത്. സംശയം തോന്നിയ സാഹചര്യത്തിലാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം ഒരേ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാറില്ലെന്നും, വിവരം അറിഞ്ഞിരുന്നവർ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത് പള്ളിയാണെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത് മൃതദേഹമാണോയെന്ന സംശയമുണ്ടെന്നും, ക്രിസ്ത്യൻ ആചാരങ്ങൾക്ക് വിരുദ്ധമായ രീതിയിൽ സംസ്കാരം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹമാണോയെന്ന കാര്യത്തിലും സംശയമുണ്ടെന്നും, പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വികാരി അറിയിച്ചു.






