
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്നതാണെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് വിമർശിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതിനോ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം കാര്യക്ഷമമായി വർധിപ്പിക്കുന്നതിനോ വ്യക്തമായ നടപടികൾ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക വകയിരുത്തൽ ഇല്ലെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ മെഡിക്കൽ കോളജുകൾക്കായി ആകെ 100 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും, ഈ തുക ഉപയോഗിച്ച് രണ്ട് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്കായി വെറും പത്ത് കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നതെന്നും, ഇതോടെ ബജറ്റ് ഒരു തമാശയായി മാറിയെന്നും തോമസ് ഐസക് വിമർശിച്ചു. ബജറ്റ് പ്രസംഗം യാഥാർഥ്യബോധമില്ലാത്ത കഥപറച്ചിലായി ഒതുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






