
‘ഒരു രോമാഞ്ചം പോലെ തഴുകി തഴുകി വന്ന് പിന്നീട് കീഴടക്കുക..’’ രോമാഞ്ചം എന്ന സിനിമയെക്കുറിച്ച് ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാനാവുന്നത് ഇങ്ങനെയാണ്. തിയേറ്ററിനുള്ളില്‍ പൊട്ടിച്ചിരികളും ഇടയ്ക്കൊക്കെ പേടിയും നിറച്ച് ഒരു സിനിമ ഹിറ്റാകുക, അതാണ് ജിത്തു മാധവന്റെ സംവിധാനത്തില്‍ പിറന്ന ‘രോമാഞ്ചം’. ഒരു ഹൊറര്‍ ഇലമെന്റിനെ തികച്ചും തമാശ രീതിയില്‍ അവതരിപ്പിക്കുക, എന്നാല്‍ അശ്ലീല തമാശകള്‍ ഒന്നും തന്നെ സംഭാഷണങ്ങളില്‍ കൊണ്ടു വരാതിരിക്കുക, തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുക... രോമാഞ്ചം എന്ന സിനിമ ഇങ്ങനെയാണ്.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ തുടക്കം കുറിച്ച്, ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് ജിത്തു മാധവന് എന്ന സംവിധായകന്. ആദ്യ സിനിമയുടെ ക്ലൈമാക്സില്‍ രണ്ടാം ഭാഗം എത്തുമെന്ന് പ്രേക്ഷകരെ അറിയിക്കുന്നുണ്ട് ഈ സംവിധായകന്. ആ ഒരു കോണ്‍ഫിഡന്‍സ് തന്നെയാണ് ഈ സിനിമയുടെ വിജയം. രോമാഞ്ചത്തെക്കുറിച്ചും പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചതിനെക്കുറിച്ചും ജിത്തു മനസ്സു തുറക്കുകയാണ്, മംഗളം ഓണ്‍ലൈനിലൂടെ....
ക്ലൈമാക്സില്‍ ‘ഞങ്ങള്‍ വരുന്നു...’’ എന്ന ടാഗ്ലൈന് കാണിക്കുക, സിനിമയുടെ ആദ്യഭാഗത്തിന് ഇത്രകണ്ട് സ്വീകാര്യത ഉറപ്പായിരുന്നോ ?
സിനിമ മോശമാകില്ലെന്ന് ഉറപ്പായിരുന്നു. ആളുകള്‍ മനസ്സു തുറന്നു ചിരിക്കുക, ചിരിപ്പിക്കുക എന്നതു തന്നെയായിരുന്നു ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നത്. പ്രേക്ഷകര്‍ മതിമറന്ന് ആസ്വദിച്ചു എന്നതു ഞാന്‍ നേരിട്ട് കണ്ടറിഞ്ഞു. മികച്ച വിജയമാക്കിയതിന് പ്രേക്ഷകരോട് നന്ദിയുള്ളത്. ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ചിരിക്കാനാണ്. പ്രത്യേകിച്ച് കോവിഡ് കഴിഞ്ഞതിനു ശേഷം ആളുകള്‍ മനസ്സു തുറന്നു ചിരിക്കാന്‍ മറന്നു പോയി. ഈ സിനിമ പ്രേക്ഷകരെ ചിരിപ്പിച്ചു എന്നുള്ളതു തന്നെയാണ് ഇതിനെ ഇത്ര കണ്ട് വിജയിപ്പിച്ചത്. അങ്ങനെയൊരു കോണ്‍ഫിഡന്‍സ് സിനിമ എഡിറ്റ് ചെയ്യുമ്പോഴും ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ രണ്ടാം ഭാഗവും വേണമെന്ന് തീരുമാനിച്ചത്. അതിനുള്ള ഉറപ്പ് എനിക്കു തരുന്നത് നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജ്ജാണ്.
സിനിമയുടെ പേര് തന്നെ വ്യത്യസ്തമാണല്ലോ ?
രോമാഞ്ചം സിനിമയുടെ കഥ തുടങ്ങുമ്പോള്‍ തന്നെ പേര് അതിനൊപ്പമുണ്ടായിരുന്നു. കഥ രൂപപ്പെടുന്ന സമയത്ത് രണ്ടു മൂന്നു പേരുകള്‍ വന്നു, അതില്‍ ‘രോമാഞ്ചം’ എന്ന പേരു തന്നെയാണ് കൃത്യമാകുക എന്ന് തോന്നി തെരഞ്ഞെടുക്കുകയായിരുന്നു. ആ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സിനിമ ഓണ്‍ ആകുന്നത്. ഈ സിനിമയ്ക്ക് ഇതിനപ്പുറത്തേക്ക് ചേരുന്നൊരു പേരുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമയുടെ പകുതിയെത്തിയ ശേഷമാണ് ഈ സിനിമയ്ക്ക് ഈ പേര് എങ്ങനെ യോജിക്കുന്നു എന്നത് പ്രേക്ഷകര്‍ക്ക് മനസ്സിലാകുക. രോമാഞ്ചം എന്ന പേര് തീരുമാനിച്ച ശേം അതിനു വേണ്ടി ആ സിനിമയില്‍ പിന്നീട് അധികമായി ഒരു സംഭാഷണമോ സീനുകളോ ചേര്‍ത്തിട്ടില്ല. പ്രേക്ഷകര്‍ കാണുന്ന സീനുകളും സംഭാഷണവും സിനിമയുടെ പേരിനോട് യോജിക്കത്തക്ക വിധത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ആ സിനിമയ്ക്ക് മറ്റൊരു പേരും ചേരില്ല എന്നു തന്നെയാണല്ലോ അതിനര്‍ത്ഥം.
നെഗറ്റീവ് ധാരണ ഉണ്ടാക്കുത്തക്ക വിധത്തിലുള്ള പേര് സിനിമയെ ബാധിക്കുമെന്ന തോന്നല്‍ വന്നിട്ടേയില്ലേ ?
ഒരു തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത ആ പേരിനുണ്ടെന്നുള്ളത് സത്യമാണ്. പേരു കേള്‍ക്കുമ്പോള്‍ ‘ഇത് എന്താണ് ഇങ്ങനെയൊരു പേര് ’ എന്ന് ആളുകള്‍ ചിന്തിക്കുമെന്ന് ഉറപ്പായിരുന്നു. അത് ഞങ്ങള്‍ പോസിറ്റീവായിട്ടാണ് എടുത്തത്. പിന്നെ ആളുകള്‍ സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ രണ്ടു നിമിഷം എടുക്കുക എന്നതു തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യവും. അതിനു വേണ്ടിയാണ് കണ്ടന്റ് ആദ്യം കൊടുത്തിട്ട് ഏതു തരം സിനിമയാണെന്ന് ആളുകളെ അറിയിച്ചത്.
മതിലിന്റെ പുറത്തിരിക്കുന്ന കുറെ സുഹൃത്തുക്കളെ സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. സ്വന്തം കഥ തന്നെ ആദ്യ സിനിമയാക്കിയതാണോ ?
ഉറപ്പായും. ഈ സിനിമയുടെ ഭൂരിഭാഗവും യഥാര്‍ത്ഥ ജീവിതത്തില്‍, ഞങ്ങളുടെ സുഹൃത് വലയത്തില്‍ നടന്നിട്ടുള്ളതു തന്നെയാണ്. നടന്ന സംഭവങ്ങള്‍ അല്‍പ്പം സിനിമാറ്റിക്ക് ആക്കാന്‍ വേണ്ടി മാറ്റങ്ങള്‍ വരുത്തി എന്നുള്ളത് സത്യമാണ്. എങ്കിലും ഈ സിനിമയില്‍ കാണിക്കുന്ന മിക്ക സംഭവങ്ങളും അനുഭവിച്ചിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിലെ എല്ലാ കഥാപാത്രങ്ങളും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. ആദ്യത്തെ സിനിമയായി ചെയ്യാനിരുന്ന സിനിമയൊന്നുമല്ല. എന്റെ കാര്യം പറയാനാണെങ്കില്‍ ഞാന്‍ കേട്ടിട്ടുള്ള, കണ്ടിട്ടുള്ള കാര്യങ്ങളില്‍ നിന്നാണ് ഒരു കഥയുണ്ടാക്കുന്നത്. മനസ്സിലുള്ള എല്ലാ കഥകളും ഞാന്‍ കേട്ടറിഞ്ഞിട്ടുള്ള, എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഡെവലപ്പ് ചെയ്ത് വന്നിട്ടുള്ളതു തന്നെയാണ്. എല്ലാ സംവിധായകരും ഇങ്ങനെ ആകണമെന്നില്ല, ഭാവനയില്‍ നിന്ന് കഥയെഴുതുന്ന ഒരുപാട് മികച്ച എഴുത്തുകാരുണ്ട്. ഞാന്‍ അങ്ങനെയല്ല എന്നു മാത്രം.
അശ്ലീല സംഭാഷണങ്ങള്‍ ഇല്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ?
കോമഡിക്ക് വേണ്ടി എക്സ്ട്രാ എഫര്‍ട്ട് കൊടുത്ത് കോമഡിയുണ്ടാക്കിയെടുക്കില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്വഭാവിക തമാശകള്‍ മാത്രം കണിക്കുക. ബാച്ചിലര്‍ റൂമില്‍ സ്ഥിരം കണ്ടുവരുന്ന സംഭവങ്ങളില്‍ നിന്ന് അല്‍പ്പം കട്ട് ഡൗണ്‍ ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു. അശ്ലീല തമാശകള്‍ ഒഴിവാക്കി നമ്മുടേതായ ഒരു സിനിമ ഉണ്ടാക്കിയെടുക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും കോണ്ട്രിബ്യൂഷന് സംഭാഷണങ്ങള്‍ നന്നാക്കാന്‍ സഹായിച്ചിരുന്നു. ആളുകളിലേക്ക് തെറ്റായ സ്വാധീനം ചെലുത്തുന്നത് ഒന്നും എത്തരുതെന്ന് ആഗ്രഹിച്ചിരുന്നു, അതിനു വേണ്ടി ശ്രമിച്ചിരുന്നു. ആ ശ്രമം വിജയിച്ചു എന്നു പറയാം.
സിനിമയിലെ മിക്ക കഥാപാത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നത് സ്ക്രീനില്‍ അധികം കാണാത്ത മുഖങ്ങളാണല്ലോ ?
എല്ലാ സമയത്തും സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഹിറ്റാകുന്ന സമയത്തു തന്നെ കൊച്ചു സിനിമകളും ഹിറ്റായിട്ടുണ്ട്. സിനിമയ്ക്ക് കാമ്പുണ്ടാകുക എന്നതു മാത്രമാണ് അതിലെ പ്രധാന കാര്യം. അല്ലാതെ അഭിനയിക്കുന്നവരുടെ പ്രശസ്തി പ്രേക്ഷകസ്വീകാര്യതയുമായി ബന്ധമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ എനിക്കത് ഗുണം ചെയ്തിട്ടേയുള്ളൂ. ക്യാമറയ്ക്ക് മുന്നില്‍ ഉണ്ടാക്കിയെടുക്കുന്നതും മനസ്സില്‍ ചിന്തിക്കുന്നതും രണ്ടും രണ്ടാണ് എന്ന തിരിച്ചറിവ് സംവിധാനം ചെയ്തു തുടങ്ങിയതിനു ശേഷമാണ് എനിക്ക് മനസ്സിലായത്. സിനിമയിലേക്ക് സെറ്റ് ചെയ്യാനുള്ള സമയം അതില്‍ അഭിനയിച്ച ഓരോരുത്തരും എനിക്ക് തന്നിരുന്നു. താരങ്ങളും നിര്‍മ്മാതാവും എല്ലാവരും സിനിമ രൂപപ്പെട്ടു വരാനുള്ള സമയം എനിക്ക് തന്നു. പിന്നെ സൗബിനിക്കയും അര്ജുന് അശോകനും ചെമ്പന്‍ വിനോദ് ചേട്ടനും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. അതല്ലാതെ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവരൊക്കെ സ്വതസിദ്ധമായി കോമഡി ചെയ്യുന്നവരാണ്.
സിനിമ ചെറുപ്പം മുതല്‍ ഉള്ളിലുണ്ടായിരുന്നോ ?
എന്നും സിനിമ കാണാനിഷ്ടപ്പെടുന്ന ആളായിരുന്നു ഞാന്‍. ഒരു സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലെ അഭിനേതാക്കളെ കണ്ട് ഇഷ്ടപ്പെട്ടാണ് സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. സിനിമയെ കുറിച്ച് കൂടുതലറിയാതെ അതിഷ്ടപ്പെടുന്ന സമയത്ത് അഭിനേതാവാകുക എന്നത് തന്നെയാണ് മിക്കവരുടെയും സ്വപ്നം. പിന്നീട് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സിനിമയിലെ എന്താണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് തിരിച്ചറിവുണ്ടായി. കഥ പറയാന്‍ എനിക്കാകുമെന്ന് മനസ്സിലാക്കിയതോടെയാണ് ക്യാമറയ്ക്ക് പിന്നില്‍ മതിയെന്ന് തീരുമാനിച്ചത്. എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാത്തതു കൊണ്ട് കുറെയൊക്കെ ആദ്യം എഴുതി, പിന്നീടതൊക്കെ വാരിക്കൂട്ടി കത്തിച്ചു കളഞ്ഞു. ഒരുപാട് പ്രയത്നിച്ച് കഷ്ടപ്പെട്ടു തന്നെയാണ് ഈ മേഖലയിലെത്തിയത്. എന്നെപ്പോലെ സിനിമയെ പാഷനായി കാണുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന കഷ്ടപ്പാട് തന്നെ. അല്ലാതെ അതില്‍ പുതുമയൊന്നുമില്ല. കുറെ ഹ്രസ്വചിത്രങ്ങള്‍ പിന്നീട് ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അമ്പിളിയിലും ഗപ്പിയിലും വര്‍ക്ക് ചെയ്ത ശേഷമാണ് രോമാഞ്ചം സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്റെ രണ്ടാമത്തെ സിനിമ ഇതാകണമെന്ന് വാശി പിടിക്കാനുള്ള അര്‍ഹത ഏതൊരു സംവിധായകനും ഉണ്ടാകും. ആദ്യത്തെ സിനിമ പക്ഷേ അങ്ങനെയാവില്ല. നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും കണ്‍വിന്‍സിംഗായ സിനിമയാണ് ഏതൊരു സംവിധായകനും ആദ്യം ചെയ്യുക. രോമാഞ്ചം എന്റെ കഥകളിലൊന്നാണ്. അതാണ് മിക്കവര്‍ക്കും ഇഷ്ടപ്പെട്ടത്. അതുകൊണ്ടാണ് അതെന്റെ ആദ്യ സിനിമയായത്.
സൗബിനെ സിനിമയ്ക്കു വേണ്ടി സമീപിച്ചപ്പോള്‍ മനസ്സില്‍ ടെന്‍ഷനുണ്ടായിരുന്നോ ?
ടെന്‍ഷനുണ്ടായിരുന്നു. സൗബിന് ഈ സിനിമ കേട്ട് ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് സിനിമ പ്രൊജക്ടാകുന്നത്. സിനിമയുടെ തുടക്കം കിട്ടുന്നത് അതോടെയാണ്. അതിനു മുമ്പു ചര്‍ച്ചകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിര്‍മ്മാതാവായ ജോണ്‍പോള്‍ ജോര്‍ജജ് പക്ഷേ അതിനു മുമ്പ് ഈ സിനിമ ചെയ്യാമെന്ന് എനിക്ക് ഉറപ്പു തന്നിരുന്നു. ഇതായിരിക്കണം എന്റെ ആദ്യ സിനിമയെന്ന് ജോണ്‍പോള്‍ ജോര്‍ജ്ജ് ഉറപ്പിച്ചു, പണം മുടക്കാന്‍ തയാറായി. അതിനു ശേഷം സൗബിനിക്കയെ ചെന്നു കണ്ടു. കഥ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹത്തിന് വളരെയിഷ്ടപ്പെട്ടു. അനുഭവങ്ങളാണ് കൂടുതല്‍ സംസാരിച്ചത്. അത് ഷെയര്‍ ചെയ്തപ്പോള്‍ സൗബിനിക്ക കൂടുതല്‍ കണക്ടഡായി, ഒരു ട്രാക്കിലാണ് പോകുന്നതെന്ന് മനസ്സിലായി. സിമിലറായ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത് കൊണ്ട് പെട്ടെന്ന് കണക്ടായി.
സിനിമയില്‍ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെടുന്ന അര്ജുന് അശോകന് ചിലപ്പോഴൊക്കെ പേടിപ്പെടുത്താറുണ്ട് ?
അര്‍ജുന്റെ കഥാപാത്രം രണ്ടാം ഭാഗം ആലോചിച്ചപ്പോള്‍ വന്നു ചേര്‍ന്നതാണ്. കുറച്ചു ഷൂട്ട് ചെയ്തു കഴിഞ്ഞാണ് അര്ജുന് പിന്നീട് സിനിമയിലേക്ക് വന്നു ചേര്‍ന്നത്. സിനിമയെ പിന്നീട് നയിക്കാന്‍ അര്‍ജുന്റെ കഥാപാത്രം വളരെ അത്യന്താപേക്ഷിതമാണെന്ന് തോന്നി. അങ്ങനെ വന്നതാണ് ആ കഥാപാത്രം. ഇനിയുള്ള സിനിമയില്‍ ചിലപ്പോള്‍ അര്ജുന് ഉണ്ടാകും, അതൊന്നും പുറത്തു പറയാനാവില്ല. അത് ഈ സിനിമയുടെ കഥയുടെ പ്രത്യേകതയാണ്.
രോമാഞ്ചത്തില്‍ ശരിക്കും പ്രേതമുണ്ടോ ?
അത് രണ്ടാം ഭാഗത്തില്‍ കാണാന്‍ സാധിക്കും. രോമാഞ്ചം എന്ന സിനിമയെ മുന്നോട്ടു നയിച്ചത് പ്രേതമുണ്ടോ എന്ന കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. അടുത്ത ഭാഗത്തിലായിരിക്കും പ്രേക്ഷകര്‍ക്ക് അതിനുള്ള ഉത്തരം കിട്ടുക. അടുത്ത സിനിമയാണെങ്കിലും വലിയൊരു ഉത്തരവാദിത്തമാണ്. എല്ലാവരും കംപയര്‍ ചെയ്യുന്നതും ആദ്യ സിനിമയുമായിട്ടായിരിക്കുമല്ലോ. അതുകൊണ്ട് ഉത്തരവാദിത്തം കൂടുതലാണ്. രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സമയമായെന്ന് കൃത്യമായ ഉറപ്പ് മനസ്സു കൊണ്ട് കിട്ടുവരെ ആ സിനിമ ഉണ്ടാകില്ല. രോമാഞ്ചത്തിനൊപ്പമോ അതിനു മുകളിലേക്കോ പോകുമെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമേ അതിന്റെ രണ്ടാം ഭാഗം സംഭവിക്കൂ. അതിന്റെ സ്ക്രിപ്റ്റ് വര്‍ക്ക് നടക്കുന്നതേയുള്ളൂ.
സിനിമയില്‍ നിന്നുള്ള അഭിനന്ദനം ?
ഒരുപാട് പേര് വിളിക്കുന്നുണ്ട്. നേരിട്ട് കാണാത്ത, സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഒരുപാട് പ്രഗല്ഭരായ സിനിമാപ്രവര്‍ത്തകര്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. എല്ലാം തികച്ചും അപ്രതീക്ഷിതം തന്നെ. മുന്നോട്ടു പോകാം, ഞാന്‍ തെരഞ്ഞെടുത്ത വഴി കൃത്യമാണ് എന്നുറപ്പിക്കുന്നതാണ് ആ അഭിനന്ദനങ്ങള്‍.
പ്രേക്ഷകരോട് പറയാനുള്ളത് ?
പ്രേക്ഷക പ്രതികരണങ്ങള്‍ നേരിട്ട് അറിയാന്‍ ഒരുപാട് തവണ ഞാന്‍ അവര്‍ക്കൊപ്പമിരുന്ന് സിനിമ കണ്ടു. നിറഞ്ഞ കൈയടികളും പൊട്ടിച്ചിരികളും കൊണ്ട് നിറയ്ക്കുകയാണ് പ്രേക്ഷകര്‍. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ നല്ല ടെന്‍ഷനോടെയാണ് നോക്കിയിരുന്നത്. വിചാരിച്ച സമയത്ത് ഇറക്കാന്‍ കഴിയാത്തതു കൊണ്ട് ഒരുപാട് പ്രതിസന്ധികള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോള്‍ വിചാരിച്ചതിലും നല്ല പ്രതികരണങ്ങള്‍ കിട്ടി. പ്രേക്ഷകര്‍ ഒന്നിലധികം തവണ സിനിമ കാണുന്നുണ്ടെന്ന് എനിക്ക് നേരിട്ട് മനസ്സിലായിരുന്നു. പല സംഭാഷണങ്ങളും പലരും സിനിമയ്ക്കൊപ്പം തന്നെ പ്രേക്ഷകര്‍ പറയുന്നുണ്ട്. എന്റെ സിനിമ പ്രേക്ഷകര്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അവരോടുള്ള വലിയ നന്ദി മനസ്സില്‍ ആവോളമുണ്ട്. അതു തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നതും...