
ലൈഫ് മിഷന് കോഴക്കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസിലെ അഞ്ചാം പ്രതിയുമായ ശിവശങ്കറിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്. തിരുവന്തപുരം സ്വദേശി യദു കൃഷ്ണന് ഉള്‍പ്പെടെ ആറൂ പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇന്നലെ 12 മണിക്കുര്‍ നീണ്ട ചോദ്യം ചെയ്യല്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. തിങ്കളാഴ്ചയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇടവേള അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ലൈഫ് മിഷന് കള്ളപ്പണ ഇടപാടില്‍ മുഖ്യ മന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നു പ്രതിപക്ഷനേതാവ് ഉന്നയിച്ചു. അഴിമതിയും കള്ളപ്പണ ഇടപാട് നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്നും വി മുരളീധരന് ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കുന്നില്ലെന്നും ഇത് സര്‍ക്കാരിനെതിരായ നീക്കം ആണെന്ന് കരുതുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു.
ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി ഓഫീസുമായി ബന്ധപ്പെടുത്തുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ഓഫീസിലെ കൂടുതല്‍ ആളുകളില്‍ ഇത് സംബന്ധിച്ച ചോദ്യം ചെയ്യല്‍ നടക്കുമോ മുഖ്യമന്ത്രിയെ തന്നെ മൊഴി എടുപ്പിക്കാന്‍ നേരിട്ട് വിളിപ്പിക്കുമോ എന്ന സംശയങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കുണ്ട്. സ്വര്‍ണക്കടത്തുപോലെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയില്‍ കോഴയിലുള്ള അറസ്റ്റ് ശിവശങ്കറിനെ പഴിചാരി രക്ഷപ്പെടാനകില്ല. മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ നിക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.






