
പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി വി ആര് സോജിക്കെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിനെ തുടര്‍ന്നാണ് ആരോപണം ഉണ്ടായത്. യോഗത്തില്‍ സോജി വധ ഭീഷണി മുഴക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നുമാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണ്‍ പരാതിയില്‍ പറയുന്നത്.
യോഗത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ സോജി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 മുതല്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും കെപിസിസി നേതൃത്വത്തിനുമാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സോജിക്കെതിരെ ഇവര്‍ കെപിസിസിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയിന്മേലുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും ഇയാളുടെ ഭീഷണി. ജില്ലാ പോലീസ് മേധാവിയാണ് മഹിളാ കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ചിരിക്കുന്നത്. പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കേസില്‍ നടപകടികള്‍ വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം






