
സ്വന്തം ദുഃഖങ്ങളെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് വില്പന ചരക്കാക്കാൻ ഇഷ്ടപ്പെടാത്ത ചുരുക്കം ചിലരിൽ ഒരാൾ. അതായിരുന്നു സുബി സുരേഷ്. സിനിമാലയിലൂടെ കുടുംബസദസ്സുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ഈ പെൺകുട്ടിയുടെ യഥാർത്ഥ ജീവിതം നൊമ്പരങ്ങൾ
നിറഞ്ഞതാണെന്നറിയുന്നവർ വളരെ ചുരുക്കം. എന്തിനും ഏതിനും അമ്മയുടെ സാരിത്തുമ്പിനെ ആശ്രയിക്കുന്ന പാവം തൊട്ടാവാടിയായിരുന്നു സുബിയെന്ന് അടുപ്പമുള്ളവര്‍ക്ക് മാത്രമറിയാം. ഉള്ളിൽ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയുമായി ജീവിച്ചു പയറ്റി വിജയം നേടിയതാണ് സുബിയുടെ ജീവിതം. ആരും സഹായത്തിനില്ലാതെ ഒറ്റയ്ക്ക് നിന്ന് പോരാടിയാണ് സുബി ജീവിതത്തിലെ ഓരോ ചുവടും വച്ചത്.
സുരേഷിന്റെയും അംബികയുടെയും മൂത്തമകളായി 1988 ലാണ് സുബി ജനിച്ചത്. അഭിനയമേഖലയോട് താത്പര്യമില്ലാതിരുന്ന ഒരു കുട്ടിക്കാലമായിരുന്നു സുബിയുടേത്.അമ്മയിൽ നിന്നും കിട്ടിയ എൻ.സി.സി താത്പര്യമാണ് എട്ടാം ക്ലാസിലെത്തിയപ്പോൾ സുബി എൻ.സി.സി യിൽ ചേരാൻ കാരണമായത്. സ്പോർട്സിലും വലിയ താത്പര്യമായിരുന്നു സുബിക്ക്. ചെറുപ്പത്തിൽ സുബി ബ്രേക്ക് ഡാൻസ് പഠിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലും എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലും കോളജിലുമായിട്ടുമായിരുന്നു സുബിയുടെ വിദ്യാഭ്യാസം പഠിക്കുന്ന കാലത്ത് സുബിക്ക് സൈന്യത്തിൽ ചേരണമെന്ന ആഗ്രഹമായിരുന്നു. ആ കാലത്ത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിരുന്ന സുബി ഓൾ കേരളാ കമാൻഡറായിരുന്നു. ഹൈസ്കൂളിൽ പഠിക്കവെ ജില്ലയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ വെങ്കല മെഡലും മികച്ച എൻ.സി.സി കേഡറ്റിനുള്ള ട്രോഫിയും സുബി നേടിയിട്ടുണ്ട്. കലോത്സവങ്ങളിൽ സജീവമായിരുന്ന സുബി ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു.
പത്താം ക്ളാസിൽ പഠിക്കുമ്പോൾ ഒരു തവണ സിനിമാലയിൽ ഒരു കുട്ടിക്കു പകരം വേഷം ചെയ്യാൻ ഡാൻസ് മാസ്റ്റർ പേരു പറഞ്ഞു കൊടുത്തപ്പോൾ സുബി വേണ്ടെന്ന് പറഞ്ഞു. ഡിഗ്രിക്ക് സെന്റ് തെരേസാസ് സുബി തെരഞ്ഞെടുത്തത് പോലും അവിടെ എൻ.സി.സി ഉള്ളത് കൊണ്ടാണ്.
അപ്പോഴും മനസ്സിലെ ആഗ്രഹം ആർമി ഓഫീസറെന്നുള്ളതായിരുന്നു. കോളേജിൽ നടന്ന ഒരു പരിപാടിയാണ് സുബിയുടെ ലക്ഷ്യത്തെ മാറ്റിമറിച്ചത്. കോളജിലെ സുബിയുടെ സിനിമാറ്റിക് ഡാൻസിനോടൊപ്പം ടിനി ടോമിന്റെ മിമിക്സും ഉണ്ടായിരുന്നു. അവിടെ വച്ച് ടിനി സിനിമാലയിലേക്ക് ക്ഷണിച്ചു. ഇല്ലെന്ന് പറഞ്ഞെങ്കിലും സുബിയുടെ അമ്മയ്ക്ക് സുബിയിലെ കലാകാരിയെ അറിയാവുന്നത് കൊണ്ട് നിർബന്ധിച്ചു. അങ്ങനെ സിനിമാലയിലെ ഡയാന സിൽവസ്റ്ററും അമ്മയും കൊടുത്ത പിന്തുണയിൽ സുബി അഭിനയത്തിലേക്കെത്തി. സിനിമാലയിലെ സുബിയുടെ കോമഡി ആളുകൾക്ക് ഇഷ്ടപ്പെട്ടു, സിനിമാല ഗ്രൂപ്പിനും.
പുരുഷമേൽക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയാണ് സുബി പിന്നീട് ഈ രംഗത്ത് സജീവമാകുന്നത്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയായത്. നിരവധി വേദികളിൽ തിളങ്ങി ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി രംഗത്ത് മുൻപന്തിയിലെത്തി. വിദേശ രാജ്യങ്ങളിൽ നിരവധി സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും ഒഴിവാക്കാൻ സാധിക്കാത്ത കലാകാരിയായി സുബി മാറി. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാളം’ എന്ന കുട്ടികളുടെ ഷോ ജനഹൃദയങ്ങളിൽ സുബിക്ക് ചിരപ്രതിഷ്ട നേടി കൊടുത്തു.
2006ൽ രാജസേനൻ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, ഡിറ്റക്ടീവ്, ഡോൾസ്, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, കില്ലാഡി രാമർ, ലക്കി ജോക്കേഴ്സ്, അടക്കം 20ലധികം സിനിമകളിൽ അഭിനയിച്ചു. അടുത്ത കാലത്ത് യുട്യൂബ് ചാനലിൽ സജീവമായിരുന്നു. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.
41 വയസ്സുണ്ടായിരുന്ന സുബി കൊച്ചി വാരാപ്പുഴക്കടുത്ത് കുനമ്മാവിലായിരുന്നു താമസം. എബി സുരേഷ് എന്നൊരു സഹോദരന്‍ കൂടിയുണ്ട് സുബിക്ക്. സുബി അവിവാഹിതയായിരുന്നു. ജീവിതത്തിൽ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്’ എന്ന് പറഞ്ഞിരുന്നു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. പരിപാടി യ്ക്കിടെ നെഞ്ച് വേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജനുവരി 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.