
ഇടുക്കി: അടിമാലിയില്‍ ആദിവാസി യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ് സി-എസ് ടി കമ്മീഷന് സ്വമേധയാ കേസെടുത്തു. പുളിക്കത്തൊട്ടി സ്വദേശി ബിനീഷിനെ ഉത്സവപ്പറമ്പില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തിലാണ് കേസടുത്തത്. ബിനീഷിനെ കണ്ടെത്തി മൊഴിയെടുത്ത് കേസെടുക്കാനുള്ള നടപടികള്‍ പോലീസും തുടങ്ങി.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള പള്ളിവേട്ടക്കിടെയാണ് സംഭവം. ആദിവാസിയായ ബിനീഷിനെ അടിമാലി മന്നാംകാല സ്വദേശിയായ ജസ്റ്റിനാണ് മര്‍ദ്ദിച്ചത്. ചെണ്ടമേളത്തിനിടിയില് ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മര്‍ദ്ദനം ഭയന്ന് ബീനിഷ് ക്ഷേത്രത്തിനുള്ളിലേയ്ക്ക് ഓടിക്കറി. ഇയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിനും സംഘവും എത്തിയതോടെ ക്ഷേത്ര മുറ്റത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. മദ്യ ലഹരിയില്‍ ആദിവാസി യുവാവ് കത്തി വീശുകയും ചെയ്തു. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയില്‍ ജസ്റ്റിന്, സജീവന്, സഞ്ജു എന്നിവരെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചതില്‍ പോലീസ് കേസെടുത്തില്ല. സംഭവത്തിനു ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ബിനീഷ് പരാതിയില്ലെന്ന് അറിയിച്ചതിനാലാണ് കേസെടുക്കാഞ്ഞതെന്ന് പോലീസ് പറയുന്നു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്കും എസ് സി-എസ് ടി കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിനു ശേഷം വനത്തിനുള്ളില്‍ ജോലിക്ക് പോയ ബിനീഷിനോട് അടിമാലി പോലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിനീഷിന്റെ മൊഴിയെടുത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു






