
ഉറക്കക്കുറവ് ശാരീരകവും, മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് വഴിതെളിക്കുന്ന ഒന്നാണ്. 1963 ഡിസംബറിലാണ് സാന്‍ഡിയാഗോയില്‍ നിന്നുള്ള 17 -കാരന് റാന്‍ഡി ഗാര്‍ഡ്നെര്‍ ഇതെപ്പറ്റി പരീക്ഷണം നടത്തിയത്. 11 ദിവസവും 24 മിനിറ്റും അതായത് 264.4 മണിക്കൂറുകളാണ് ഇദ്ദേഹം ഉറങ്ങാതിരുന്നത്.
തങ്ങളുടെ സയന്‍സ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് റാന്‍ഡി ഗാര്‍ഡ്നറും ബ്രൂസ് മക്അലിസ്റ്ററും ഉറങ്ങാതിരുന്നു കൊണ്ടുള്ള പരീക്ഷണത്തിന് മുതിര്‍ന്നത്. അതുവരെ ഉറക്കത്തിന്റെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ക്കുക , ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്തുക എന്നിവ
ഇവരുടെ ലക്ഷ്യമായിരുന്നു.
വളരെ ആവേശത്തോടെയാണ് റാന്‍ഡി പരീക്ഷണത്തിന് തുടക്കം കുറിച്ചത് എന്നാല്‍ അധികം വൈകാതെ തന്നെ ഉറങ്ങാതിരിക്കുന്നത് അവനെ ബാധിച്ച് തുടങ്ങി. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, താല്‍ക്കാലികമായുള്ള ഓര്‍മ്മക്കുറവ്, ദേഷ്യം, ഭ്രമാത്മകത എന്നിവയെല്ലാം റാന്‍ഡിയെ ബാധിച്ചു. പരീക്ഷണ കാലയളവില്‍ റാന്‍ഡിയുടെ തലച്ചോര്‍ സ്കാന്‍ ചെയ്തപ്പോള്‍ അതില്‍ ചില ഭാഗങ്ങള്‍ ഉറങ്ങാത്തതായും ചില ഭാഗങ്ങള്‍ ഉറങ്ങിയതായും കണ്ടെത്തി. ഇതിനെ സംബന്ധിച്ച് ഗവേഷകര്‍ പറഞ്ഞത്, നാം ഉറങ്ങാതെയിരുന്നാലും നമ്മുടെ തലച്ചോര്‍ പൂച്ചയുറക്കം ഉറങ്ങുന്നു എന്നാണ്.
പരീക്ഷണശേഷം ഉടനെ റാന്‍ഡിയെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങിയ ശേഷമാണ് റാന്‍ഡി പിന്നെ ഉണര്‍ന്നത്. എന്നാല്‍, പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിലും അന്ന് ഉറങ്ങാതിരുന്നതിന്റെ പ്രശ്നങ്ങള്‍ റാന്‍ഡിയെ ബാധിച്ചു. ഉറക്കമില്ലായ്മ, നിരാശ, മടുപ്പ് പോലുള്ള അവസ്ഥ അന്നത്തെ പരീക്ഷണത്തിന്റെ ബാക്കിപത്രമായാണുണ്ടായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.






