
കേരളത്തിലെ പ്രധാന ടൂറിസം മേഖലകളില്‍ ഒന്നായ മൂന്നാറിനെ വിടാതെ പിടികൂടി അതിശൈത്യം. മഞ്ഞുകാലം ദീര്‍ഘമായി തുടരുമ്പോള്‍ ഫെബ്രുവരിയുടെ അവസാന ആഴ്ചയിലെ തിങ്കളാഴ്ച ഹില്‍സ്റ്റേഷനില്‍ രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു. ചെന്തുവരൈ, ലച്ച്മി എസ്റ്റേറ്റുകളിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
അതേസമയം മൂന്നാര്‍ നഗരത്തില്‍ രേഖപ്പെടുത്തിയത് രണ്ടു ഡിഗ്രി സെല്‍ഷ്യസാണ്. തിങ്കളാഴ്ച ഉടനീളമായി മൂന്നാറിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗത്തിന്റെ മൂന്നാറിന് സമീപം കുണ്ടളയിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തത് കുറഞ്ഞ താപനില 1.7 ഡിഗ്രിയും കൂടിയ താപനില 22.9 ഡിഗ്രിയുമായിരുന്നു.
ഈ ദിവസം തന്നെ സൈലന്റ് വാലിയില്‍ ഒരു ഡിഗ്രിയും മാട്ടുപെട്ടിയില്‍ അഞ്ചു ഡിഗ്രിയുമായിരുന്നു താപനില. ഇതിന് മുമ്പ് 2019 ലാണ് നീണ്ട മഞ്ഞുകാലം മൂന്നാര്‍ കണ്ടത്. സാധാരണഗതിയില്‍ മൂന്നാറില്‍ മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയാണ് വേനല്‍ സീസണ്.
എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി അവസാന ആഴ്ച എത്തിയിട്ടും മൂന്നാറില്‍ നിന്നും മഞ്ഞു വിട്ടുപോകാനുള്ള നീക്കം കാട്ടുന്നില്ല. 2019 ല്‍ രണ്ടു ഡിഗ്രി രേഖപ്പെടുത്തിയത് ഫെബ്രുവരി 25 നും 26 വരെ നീണ്ടു നിന്നിരുന്നു. തണുപ്പ്കാലം ഇങ്ങിനെ നീണ്ടു നില്‍ക്കുന്നത് തേയിലയുടെ ഗുണനിലവാരത്തെയും അടുത്ത സീസണിലേക്കുള്ള വിളയെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരും പറയുന്നു.
ദീര്‍ഘമായ ശൈത്യം ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്നും കണക്കാക്കുന്നു. സാധാരണഗതിയില്‍ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവ് ജനുവരിയില്‍ കുറയാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയിലും ആള്ക്കാര് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി ടൂറിസം വിഭാഗവും പറയുന്നു.






