
ലോകത്തിലെ ഏറ്റവും വലിയ ധനികന് എന്ന സ്ഥാനം ഇലോണ്‍ മസ്ക് തിരിച്ചു പിടിച്ചു. ടെസ്ല, ട്വിറ്റര്‍ എന്ന ലോകോത്തര കമ്പനികളുടെ സിഇഒയാണ് എലോണ്‍ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയര്‍ന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. നിലവില്‍ മസ്കിന്റെ ആസ്തി 187 ബില്യണ്‍ ഡോളറാണ്. എല്‍എംവിഎച്ച് ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യണ്‍ ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി.
ട്വിറ്റര്‍ ഉടമയുടെ ആസ്തി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 137 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ 187 ബില്യണ്‍ യുഎസ് ഡോളറാണ്. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിന് പിന്നാലെ 2022 ഡിസംബറിലാണ് ലൂയിസ് വിട്ടണ് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ മസ്കിനെ മറികടന്ന് ഒന്നാമതെത്തിയത്. 2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്ക്. അദ്ദേഹത്തിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ആ സ്ഥാനത്തുണ്ടായിരുന്നത്.
അതേസമയം അദാനിയുടെ ഓഹരികളുടെ ഇടിവ് തുടരുകയാണ്. ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി, 37.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സമ്പന്ന സൂചികയില്‍ 32-ാം സ്ഥാനത്താണ് ഇപ്പോള്‍. ഹിന്റബര്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദാനിയുടെ ഓഹരികളില്‍ തകര്‍ച്ച നേരിട്ടു തുടങ്ങിയത്.






