
ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന് എസ്.എസ്. രാജമൗലിക്ക് ആരാധകര്‍ ഏറെയാണ്. ഏറ്റവുമവസാനം പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ ആണെങ്കിലും ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍ വരെയെത്തിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന് വിമർശനങ്ങൾ ഉടലെടുത്തിരുന്നു. അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജമൗലി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് കൊടുത്ത് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടിയുള്ളാതണ് തന്റെ സിനിമയെന്ന് രാജമൗലി പറയുന്നു.
‘‘ഒരു സിനിമ കാണാൻ പോകുമ്പോൾ ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ കഥാപാത്രങ്ങളെ കാണാനാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. ജീവിതത്തിൽ അനുഭവിക്കാത്തതിനേക്കാൾ വലിയ സാഹചര്യങ്ങളാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. അത് തന്നെയാണ് എനിക്ക് ചെയ്യാൻ ഇഷ്ടവും. എനിക്ക് പ്രത്യേക അജണ്ടയൊന്നും ഇല്ല. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊടുത്ത് സിനിമ കാണാൻ വരുന്നവരെ സന്തോഷിപ്പിക്കാനാണ് ഞാൻ സിനിമയെടുക്കുന്നത്. ആക്ഷൻ സീക്വൻസുകൾ അവതരിപ്പിക്കുന്നതിൽ നായകന്മാർ ഒന്നും പിന്നോട്ട് പോകുന്നില്ല.
ഞങ്ങൾ വളരെ പ്രാരംഭ ഘട്ടങ്ങളിലാണെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന്, നിങ്ങൾ (ദക്ഷിണ) കൊറിയയെ കണ്ടാൽ, അവർ ഉണ്ടാക്കിയ ഇടപെടലുകൾ... എല്ലാ ഇന്ത്യൻ സിനിമാ പ്രവർത്തകരെയും പോലെ അത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.’’ എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞു.
ഓസ്കർ നോമിനേഷൻ ലിസ്റ്റിൽ അടക്കം ഇടം നേടിയ ചിത്രമാണ് ആർ ആർ ആർ. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിൽ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടും തിയേറ്ററുകളിൽ സിനിമ എത്തിയിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള സിനിമാസ്വാദകർ ചിത്രത്തെ പ്രശംസിച്ചപ്പോൾ ആർആർആർ തന്നെ ശരിക്കും ഞെട്ടിച്ചു എന്നാണ് ലോക പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞത്.






