
സംസ്ഥാനത്ത് 'വീട്ടമ്മ' എന്ന പദവിയില്‍ നിന്നും ജോലിയിലേക്ക് മടങ്ങാനൊരുങ്ങിയിരിക്കുകയാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍. കുടുംബശ്രീയുടെ 'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയില്‍ 1,20,772 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
19 വയസിനും 59 വയസിനും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ വലിയ ഒരു ഭാഗം ആളുകളും ജോലിക്ക് പോകാന്‍ താല്പര്യമുള്ളവരാണെന്ന് കുടുംബശ്രീ വഴി നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 41 വയസില്‍ താഴെ 21 ലക്ഷം സ്ത്രീകളാണ് ഉള്ളതെന്നും ഇതില്‍ ഏഴ് ലക്ഷത്തോളം പേര് ജോലിക്കായുള്ള പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതായും കുടുംബശ്രീ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. 'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയിലൂടെ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ത്രീകള്‍ക്കു ജോലി നല്‍കാനുള്ള ശ്രമത്തിലാണ് കേരള നോളേജ് ഇക്കണോമി മിഷന്.
സംസ്ഥാനത്ത് ജോലിയില്‍ ഇടവേളയെടുത്തിരിക്കുന്നതില് അഞ്ച് ലക്ഷത്തോളം സ്ത്രീകളാണുള്ളതെന്നാണ് കുടുംബശ്രീ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുളളത്. കേരള നോളേജ് ഇക്കണോമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ ജോലി ഉപേക്ഷിച്ച് ആറ് മാസം മുതല്‍ ഒമ്പത് വര്‍ഷം വരെ എത്തിയവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍ താമസിക്കുന്ന തൊഴില്‍ രഹിതരായ സ്ത്രീകളില്‍ അധികവും ദിവസത്തില്‍ ഒരു തവണയെങ്കിലും പുറത്ത് പോകാത്തവരാണെന്നും ഡല്‍ഹിയില്‍ നിന്നുള്ള ഐഐടി സംഘത്തിന്റെ പഠനം വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.






