
അമേരിക്കയിലും ന്യൂസിലാന്‍ഡിലും പശുക്കള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമായി ഒരു പരീക്ഷണം നടന്നുവരികയാണ്. പശുക്കളുടെ വയറ്റില്‍ വലിയ ദ്വാരങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ ദഹനത്തെ കുറിച്ചും മറ്റ് സൂക്ഷ്മാണുക്കളെ കുറിച്ചും പഠിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഈ ദ്വാരങ്ങളിലൂടെ പശുക്കളുടെ വയറ്റില്‍ നിന്നും ഭക്ഷണം നീക്കം ചെയ്യാന്‍ പോലും സാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
പശുക്കളില്‍ പ്രത്യേക ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കുന്ന 'ഫിസ്റ്റുല' എന്നറിയപ്പെടുന്ന ദ്വാരങ്ങള്‍ നേരെ പശുക്കളുടെ കുടലിലേക്കാണ് ചെല്ലുന്നത്. ഇത്തരം ഫിസ്റ്റുലകള്‍ പ്രത്യേകം അടപ്പ് വച്ച് അടച്ച് വയ്ക്കും. പശുക്കളുടെ ദഹനപ്രക്രിയകളെ കുറിച്ച് മനസ്സിലാക്കുന്നതിനായി ഇവ ആവശ്യമുള്ളപ്പോള്‍ തുറന്ന് അവയുടെ ശരീരത്തില്‍ ഉണ്ടാകുന്ന സൂക്ഷ്മാണുക്കളെ നിരീക്ഷിക്കുന്നു. അണുബാധയെ ദഹനവുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗാവസ്ഥകളോ ഉണ്ടായാല്‍ ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ തന്നെ ഫിസ്റ്റുലയിലൂടെ അവയുടെ വയറ്റില്‍ നിന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
പശുവിന്റെ വയറ്റിലേക്ക് ഫിസ്റ്റുലകള്‍ തുളച്ചുകയറ്റുന്നത് റുമെന്‍ എന്നറിയപ്പെടുന്ന ഭാഗത്ത് നിന്നുമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം മനുഷ്യനെ പോലെ തന്നെ പശുക്കള്‍ക്കും ഒന്നോ രണ്ടോ മാസത്തേക്ക്
ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഈ സമയങ്ങളില്‍ പശുക്കള്‍ ഡോക്ടറുടെ പ്രത്യേകത നിരീക്ഷണത്തിലായിരിക്കും. തുടര്‍ന്ന് പശുക്കളുടെ ശരീരത്തിലെ മുറിവുണങ്ങി ഫിസ്റ്റുലയുമായി പൊരുത്തപ്പെടാന്‍ പ്രാപ്തമായാല്‍ പിന്നീട് പ്രത്യേക നിരീക്ഷണത്തിന്റെ ആവശ്യമില്ല.
വലിയ ശാസ്ത്രീയ വിപ്ലവമായി തന്നെ ഒരു വിഭാഗം ഗവേഷകര്‍ ഇതിനെ കണക്കാക്കുമ്പോള്‍ ശാസ്ത്ര പഠനങ്ങള്‍ക്ക് വേണ്ടി ഒരു മൃഗത്തിന്റെയും സ്വാഭാവിക ശരീരത്തെ വികൃതമാക്കരുത് എന്നാണ് പെറ്റ പറയുന്നത്. ഫിസ്റ്റുലേറ്റഡ് പശുക്കള്‍ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും, മുറിവുകള്‍ ഉണങ്ങാന്‍ നാലോ ആറോ ആഴ്ച്ചയോളം സമയമെടുക്കുന്നത് വേദനാജനകമാണന്നാണ് പെറ്റയുടെ വിലയിരുത്തല്‍.






