
ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിത്യാനന്ദയും ഇയാളുടെ ഹിന്ദു രാഷ്ട്രവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്വയം പ്രഖ്യാപിത ആള് ദൈവമായ നിത്യാനന്ദയുടെ സ്വന്തം രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുടെ സ്ഥിരം പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദയാണ്. ലോകത്തിലെ ഹിന്ദുക്കള്‍, വംശം, ലിംഗഭേദം, വിഭാഗങ്ങള്‍, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ, അവരുടെ ആത്മീയത, കല, സംസ്കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതിനും സമാധാന പൂര്‍ണ്ണമായ ജീവിതത്തിനുമായി സൃഷ്ടിക്കപ്പട്ടതാണ് കൈലാസം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തട്ടിക്കൊണ്ട് പോകലും, ബലാത്സംഗവുമടക്കമുള്ള കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് 2019 ല്‍ നിത്യാനന്ദ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയത്.
പിന്നീട് ലോകത്തിലെ ആദ്യത്തെ ഹിന്ദു രാഷ്ട്രം താന്‍ സ്ഥാപിച്ചെന്നും രാജ്യത്തിന്റെ പേര് കൈലാസയാണെന്നുമാണ് നിത്യാനന്ദ അവകാശപ്പെട്ടത്. പിന്നാലെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' സ്ഥാപിച്ച് സ്വര്‍ണ്ണം പൂശിയ കറന്‍സി ഓഫ് കൈലേഷ്യ പുറത്തിറക്കിയെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ കൈലാസ എവിടെയാണെന്ന് മാത്രം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാ വിജയപ്രിയ, മാതൃരാജ്യമായ ഇന്ത്യ നിത്യാനന്ദയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
ബിബിസിയുടെ റിപ്പോര്‍ട്ട് പറയുന്നത് നിത്യാനന്ദ ഇക്വഡോര്‍ തീരത്ത് ഒരു ദ്വീപ് വാങ്ങിയെന്നും ആ ദ്വീപാണ് പിന്നീട് കൈലാസ എന്ന് പേര് മാറ്റിയതെന്നുമാണ്. എന്നാല്‍, തങ്ങളുടെ രാജ്യത്ത് നിത്യാനന്ദയില്ലെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ ബിബിസിയെ അറിയിച്ചത്.ഭക്തന്മാര്ക്ക് കൈലാസത്തിലേക്ക് പോകാന്‍ ആദ്യം ഓസ്ട്രേലിയയില്‍ എത്തി കൈലാസ പ്രതിനിധികളെ ബന്ധപ്പെടണമെന്നും അവിടെ നിന്നും സ്വകാര്യ വിമാനത്തില്‍ രാജ്യത്തേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യകാലത്ത് കൈലാസ പ്രതിനിധികള്‍ അവകാശപ്പെട്ടിരുന്നത്. അതേ സമയം കൈലാസ പ്രതിനിധികള്‍ എന്ന് സ്വയം പരിചയപ്പെടുന്നവരുടെ സാന്നിധ്യം ഇന്റര്‍നെറ്റ് ലോകത്ത് സജീവമായതിനാല്‍ ഒരു വെര്‍ച്വല്‍ രാജ്യം മാത്രമാണോ കൈലാസ എന്ന സംശയങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
വെബ്സൈറ്റ് പരിശോധിക്കുമ്പോള്‍ 'കൈലാസ' എന്നത് ഹിന്ദു ആദി ശൈവ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ സ്ഥാപിച്ചതും നിത്യാനന്ദ നേതൃത്വം നല്‍കുന്നതുമായ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെയൊരു പ്രസ്ഥാനമാണ്.
ഇതിനിടെ യു.എസ്.കെ.യുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈലാസയുടെ ഇ - പൗരത്വത്തിനായുള്ള ഇ - വിസയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യത്തിലുള്ള ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താല്‍ പേരും മറ്റ് വിലാസങ്ങളും പൂരിപ്പിക്കേണ്ട അപേക്ഷാ ഫോമും ഉള്‍പ്പെടെ ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ഒരു പതാക, ഒരു പാസ്പോര്‍ട്ട്, ഒരു ഭരണഘടന, ഒരു ചിഹ്നം, ഒരു സാമ്പത്തിക വ്യവസ്ഥ എന്നിവയും ഉണ്ടെന്നാണ്ഇവരുടെ വാദം . ഇതോടൊപ്പം തങ്ങളുടെ രാജ്യത്ത് വാണിജ്യം, ട്രഷറി, പരമാധികാരം, ഭവനം, മനുഷ്യ സേവനങ്ങള്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ വെബ് സൈറ്റ് അവകാശപ്പെടുന്നു. എന്നാല്‍, തങ്ങളുടെ രാജ്യം ഭൂമിയില്‍ ഏത് വന്കരയിലാണെന്നോ, ഏത് പ്രദേശത്താണെന്നോ ഇവര്‍ വ്യക്തമാക്കിയിട്ടില്ല.






