
സ്ത്രീധനമായി സ്വര്‍ണ്ണം കൊടുക്കാഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. തെലുങ്കാനയിലെ മേദിക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗര്‍ 18 ാം വാര്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഈ അപൂര്‍വ്വ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ പിതാവ് സ്വര്‍ണ്ണം തന്നില്ലെന്നും തനിക്ക് അത് വേണമെന്നും പറഞ്ഞാണ് ഇയാള്‍ പോസ്റ്റില്‍ കയറിയത്. എന്നാല്‍ ഇയാളുടെ ആവശ്യം കേട്ട് ആളുകള്‍ അത്ഭതപ്പെട്ടു. കാരണം, ശേഖറിന്റെ വിവാഹം കഴിഞ്ഞ് ഇതിനോടകം 12 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശേഖര്‍ സ്ത്രീധനമായി സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഈ കടുംകൈ ചെയ്തതെന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്.
12 വര്‍ഷം മുന്‍പായിരുന്നു ശേഖറിന്റെ വിവാഹം. എന്നാല്‍ ഭാര്യ പിതാവിന് അന്ന് സാമ്പത്തിക ശേഷി ഇല്ലാതിരുന്നിട്ടും അയാള്‍ മകളുടെ വിവാഹം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പല തവണ ശേഖര്‍ ഭാര്യയോട് പരാതി പറഞ്ഞു. എന്നാല്‍ അതിനുള്ള ശേഷി ഭാര്യയുടെ കുടുംബത്തിന് ഇല്ലായിരുന്നു. 12 വര്‍ഷമായി സ്ത്രീധനം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ദുഃഖത്തിലായിരുന്ന ഇയാള്‍ ഒടുവില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റിലാണ് ഇയാള്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്ക് ഇതുവരെയായും സ്ത്രീധനമായി സ്വര്‍ണ്ണം ലഭിച്ചില്ലെന്ന പരാതി അയാള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഉയര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇലക്ട്രിസിറ്റി വകുപ്പിനെ വിവരമറിയിക്കുകയും അവരെത്തി വൈദ്യുതി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഭാര്യയുടെ സഹോദന്മാരുമെത്തി ശേഖറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശേഖര്‍ വഴങ്ങിയില്ല. ഒടുവില്‍ പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്റ് ബട്ടി ജഗപതിയും ഡിഎസ്പിയും സ്ഥലത്തെത്തി ശേഖരുമായി സംസാരിച്ചു. ഒടുവില്‍ ഇവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ശേഖര്‍ വൈദ്യുതി തൂണില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായി. പൊലീസ് ഇയാളെ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൗണ്‍സലിങിന് വിധേയമാക്കുകയായിരുന്നു.






