
വര്‍ക്കല: പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. നാലുമണിയോടെയാണ് പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ഫോഴ്സ് വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. വലയിലേക്ക് വീണതിനാല്‍ ഇരുവര്‍ക്കും പരിക്കുകള്‍ ഒന്നും ഉണ്ടായില്ലെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഇരുവരേയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം ഒരു മണിക്കൂറോളം ഇരുവരും ഹൈമാസ്ലൈറ്റില് കുടുങ്ങി കിടന്നു.
പ്രത്യേകമായി മോട്ടോര്‍ ഘടിപ്പിച്ച് ലൈറ്റ് പോസ്റ്റ് സാവധാനത്തില്‍ താഴേക്ക് കൊണ്ടുവന്നാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്.






