
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ദീര്‍ഘകാലത്തെ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ആഗോളതലത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുനല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കരാര്‍ ഒപ്പിടുന്ന സമയത്തെക്കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാന് പ്രതികരിച്ചതോടെ ഈ സമാധാന ശ്രമങ്ങളുടെ ഭാവിയില്‍ വീണ്ടും അനിശ്ചിതത്വം നിഴലിക്കുകയാണ്.
ഞായറാഴ്ച തന്നെ കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഉടമ്പടി ഒപ്പിടാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. അതേസമയം, പാകിസ്താനിലെ ഇസ്ലാമബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പ്രാഥമിക കരാറില്‍ ഒപ്പിട്ടേക്കുമെന്നും പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.
നിലവിലെ ചര്‍ച്ചകളുടെ ഫലമായി രൂപംകൊണ്ട കരാര്‍ പ്രകാരം, ആഗോള എണ്ണവ്യാപാരത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യും. ഇതിന് പകരമായി, ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ ഒരു ഭാഗം വിട്ടുനല്‍കാനും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും അമേരിക്ക തയ്യാറായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയെങ്കിലും ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ച വിഷയങ്ങളില്‍ ഇപ്പോഴും കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ ശേഖരിച്ചിട്ടുള്ള യുറേനിയം പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ ഇത് നിയന്ത്രിത അളവില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ ആണവ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.
മേഖലയില്‍ സമഗ്ര സമാധാനം പുലരണമെങ്കില്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം കരാറിന് മറ്റൊരു വെല്ലുവിളിയാണ്. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗുരുതരമായത്. ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ ആഗോള എണ്ണവിലയിലെ അനിശ്ചിതത്വം കുറയുമെന്നാണ് വിലയിരുത്തലെങ്കിലും, മുന്‍പും പലതവണ പ്രഖ്യാപനങ്ങള്‍ വൈകിയിട്ടുള്ളതിനാല് വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങള്‍ നിര്‍ണായകമാകും.






