
പ്രതിപക്ഷ നേതാവ് വിഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് . ഒരു പൊലീസുകാരുടെ അകമ്പടി പോലും ഇല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുമെന്നും തന്നെ തടയാമെന്നും വിഡി സതീശന് പറഞ്ഞു.
''പ്രതിപക്ഷ നേതാവിനെ തടയുമെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു. യുഡിഎഫ് പ്രതിഷേധം തുടരും. വേണമെങ്കില്‍ തടയാം. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലീസിന്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല, കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍.ഡി.എഫ് കണ്‍വീനറുടെ വരവ്.''- വിഡി സതീശന് പറഞ്ഞു
പിണറായി വിജയനെതിരെ ഇനിയും കരിങ്കൊടി സമരം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ലെന്നാണ് കഴിഞ്ഞദിവസം ഇപി ജയരാജന് പറഞ്ഞത്. കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുതെന്നും ഇപി പറഞ്ഞിരുന്നു.






