
ലാഹോർ: പാകിസ്താനിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിലായി. മുഹമ്മദ് റാസ ദാർ, ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരെയാണ് ലാഹോർ കോടതി വെള്ളിയാഴ്ച അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിലെ മുഖ്യപ്രതിയായ റാസ ദാർ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ അടുത്ത ബന്ധുവാണ്.
ഉപപ്രധാനമന്ത്രിയുടെ അടുത്ത ബന്ധു ഉൾപ്പെട്ട അതീവ സങ്കീർണ്ണവും ഉയർന്ന പ്രാധാന്യമുള്ളതുമായ കേസ് ആയതിനാൽ, പോലീസ് എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നെതർലാൻഡ്സ്, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവതികളെയാണ് ജൂൺ 29-ന് ലാഹോറിൽ വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരകളിലൊരാളുടെ പിതാവ് സ്പെയിനിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി ഇവരെ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച അഞ്ച് പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ലാഹോർ പോലീസ്, നാല് പേരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിലുള്ള അഞ്ചാമനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതികൾ പോലീസിന് നൽകിയ മൊഴി പ്രകാരം, 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വെച്ചാണ് ഇവർ റാസ ധാറിനെ പരിചയപ്പെടുന്നത്. ഇയാൾ ഇവരെ പാകിസ്താൻ സന്ദർശിക്കാൻ ക്ഷണിക്കുകയായിരുന്നു. ക്രിപ്റ്റോകറൻസി ബിസിനസിലെ പങ്കാളികളായിരുന്നു ഇവരെന്നും, റാസ ദാർ വഴിയാണ് ബിസിനസ് വിസ സംഘടിപ്പിച്ച് ഇവർ ജൂൺ 29-ന് ലാഹോറിൽ എത്തിയതെന്നും പോലീസ് അറിയിച്ചു.
ലാഹോറിലെത്തിയ തങ്ങളെ റാസ ദാറും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും, മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതായി യുവതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ യുവതികൾ റാസ ധാറിനെ മുഖ്യപ്രതിയായി തിരിച്ചറിഞ്ഞതായി കോടതി അധികൃതർ വ്യക്തമാക്കി.






