
തിരുവനന്തപുരം: കള്ളനോട്ട് വിനിമയം ചെയ്ത കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എടത്വ കൃഷി ഓഫീസറായ എം. ജിഷമോളെ ഇവരുടെ തന്നെ അപേക്ഷ പ്രകാരം പേരൂര്‍ക്കടയിലെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
ജിഷമോളെ ഇന്നലെയാണ് കള്ളനോട്ട് വിനിമയം ചെയ്ത കേസില്‍ ആലപ്പുഴ സൗത്ത് സി.ഐ: എസ്. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്താണ് തനിക്ക് മാനസീക അസ്വാസ്ഥ്യം ഉണ്ടെന്ന് മാനസീകാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റണമെന്ന് ഇവര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഇവരെ മാറ്റി.
കള്ളനോട്ട് കേസില്‍ രണ്ടു ദിവസം ജിഷയെ പോലീസ് ചോദ്യം ചെയ്തെങ്കിലും പോലീസിന് കാര്യമായ വിവരം കിട്ടിയിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവര്‍ നല്‍കിയത്. ചോദ്യം ചെയ്യലില്‍ മൂന്ന് പേരുടെ പേരുകള്‍ ജിഷ പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും. ജിഷ പറഞ്ഞ സമയത്ത് ഇവര്‍ പറഞ്ഞ സ്ഥലത്ത് ഇല്ലായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
അറസ്റ്റിനു പിന്നാലെ ജിഷയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സിനി ട്രേഡേഴ്സ് എന്ന വലക്കടയുടെ നടത്തിപ്പുകാരി സൗമ്യ റഫീഖ് തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ബഷീര്‍ എന്നയാള്‍ മുഖാന്തിരം കഴിഞ്ഞ ഫെബ്രുവരി 25ന് ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട നോട്ടുകളാണ് വ്യാജമാണെന്നു കണ്ടെത്തിയത്.






