
രാവിലെ റോഡിലൂടെ വ്യായാമം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടേണ്ടി വരുന്ന അനുഭവം വളരെ പേടിപ്പെടുത്തുന്ന ഒന്നാണ്. ഇത്തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാന നഗരിയില്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയ ഒരു വനിതാ ഡോക്ടര്‍ അക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത് ഏതെങ്കിലുമൊരു പ്രത്യേക രാജ്യത്തോ, നഗരങ്ങളിലോ മാത്രം നടക്കുന്ന ഒന്നല്ലായെന്നാണ് പഠനം വെളിവാക്കുന്നത്. ലോകത്ത് രാവിലെ വ്യായാമത്തിനിറങ്ങുന്ന സ്ത്രീകള്‍ അക്രമിക്കപ്പെടുന്നുണ്ടെന്നും അവര്‍ ഈ അതിക്രമങ്ങളെക്കുറിച്ച് ജാഗരൂകരാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. വൈറ്റ് റിബണ്‍ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ, 'വിമന്‍ വി റണ്‍' സംരംഭത്തിന്റെ ഭാഗമായി അഡിഡാസിനായി വിട്രിയസ് വേള്‍ഡാണ് സര്‍വേ നടത്തിയത്.
ലോകത്തെമ്പാടുമുളള പത്തില്‍ ഒമ്പത് സ്ത്രീകളും പറയുന്നത് തങ്ങള്‍ ഇത്തരം ജാഗ്രതകളെല്ലാം പാലിച്ചാണ് ഓടാന്‍ പോകുന്നത് എന്നാണ്. ജപ്പാന്, ചൈന, ചൈന, യുഎസ്, ഫ്രാന്‍സ് തുടങ്ങി ഒന്‍പത് രാജ്യങ്ങളിലും ഓടാനിറങ്ങുന്ന 9000 സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
51 ശതമാനം സ്ത്രീകളാണ് ഓടാന്‍ പോകുമ്പോള്‍ ശാരീരികമായി അക്രമിക്കപ്പെടുമോ എന്ന് ഭയക്കുന്നതായി കണ്ടെത്തി. എന്നാല്‍ ഈ ഭയം പങ്കുവച്ചത് പുരുഷന്മാരില് 28 ശതമാനം പേര് മാത്രമാണ്. 38 ശതമാനം സ്ത്രീകള്‍ തങ്ങള്‍ ഓടാന്‍ പോകുമ്പോള്‍ ശാരീരികമായും, മാനസികമായും അക്രമിക്കപ്പെട്ടതായും സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ മോശം കമന്റുകളും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളും ഉള്‍പ്പെടുന്നു.
സ്ത്രീകളില്‍ 69 ശതമാനം പേരും അതിക്രമങ്ങള്‍ എങ്ങനെ ഒഴിവാക്കാം, നേരിടാം എന്നതെല്ലാം ആലോചിച്ച് വേണ്ട മുന്‍കരുതലുകളെടുത്താണ് ഓടാന്‍ പോകുന്നതെന്നാണ് സര്‍വേ പറയുന്നത്. കൂടെ ആരെയെങ്കിലും കൂട്ടുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക ഇതെല്ലാം ഇവയില്‍പ്പെടുന്നു. അതേ സമയം ഇത്തരം അതിക്രമങ്ങള്‍ തങ്ങളില്‍ ആങ്സൈറ്റി അടക്കമുള്ള വലിയ മാനസിക പ്രശ്നങ്ങളുണ്ടാക്കിയതായും സ്ത്രീകള്‍ പറയുന്നു.






