
പുതിയ യാത്രകള്‍ക്കായി ബിഎംഡബ്യുവിന്റെ X1 എസ്യുവി കൂടെക്കൂട്ടി യുവതാരം ലുക്മാന് അവറാന്. മലപ്പുറത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ കല്ലിങ്കല്‍ മോട്ടോര്‍സില്‍ നിന്നാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ചെറു എസ്യുവി X1 മോഡല്‍ സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണ് ലുക്മാന് ഗരാജിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
2016 മുതല്‍ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന X1 എസ്യുവിയുടെ മോഡലാണ് സിനിമാ താരം വാങ്ങിയിരിക്കുന്നത്. അടുത്തിടെ ഈ ജനുവരിയില്‍ ബിഎംഡബ്ല്യു ഏറ്റവും പുതിയ മൂന്നാം തലമുറ X1 എസ്യുവി ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ X1 എസ്യുവിയുടെ പെട്രോള്‍ പതിപ്പിന് 45.90 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വില ആരംഭിക്കുമ്പോള്‍ ലക്ഷ്വറി എസ്യുവിയുടെ ഡീസല്‍ പതിപ്പിന് 47.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ആരേയും മോഹിപ്പിക്കുന്ന ജര്‍മന്‍ രൂപഭംഗി തന്നെയാണ് ബിഎംഡബ്ല്യുവിന്റെ ഈ എന്‍ട്രി ലെവല്‍ എസ്യുവിക്കുള്ളത്. അലുമിനിയം മാറ്റിലുള്ള സ്ലാറ്റുകളും ക്രോം ഫ്രെയിമും ഉള്ള സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ലാണ് വാഹനത്തിന്റെ മുന്‍വശത്ത് ആധിപത്യം പുലര്‍ത്തുന്നത്. വൈ സ്പോക്ക് സ്റ്റൈലിങ്ങോടു കൂടിയ 18 ഇഞ്ച് ലൈറ്റ് അലോയ് വീലാണ് X1 മോഡലിന്റെ മറ്റൊരു പ്രത്യേകത. ഡോര്‍ സില്‍സ് ബിഎംഡബ്ല്യു ലെറ്ററിംഗോടോ അലുമിനിയത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തില്‍ ബിഎംഡബ്ല്യു X1 എസ്യുവിക്ക് ഡബിള്‍ ക്ലച്ച് ട്രാന്സ്മിഷന്, 6 എയര്‍ ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്ട്രോള്, ഡൈനാമിക് ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിംഗ് ബ്രേക്ക് കണ്ട്രോള്, ഹില്‍ ഡിസന്റ് കണ്ട്രോള് എന്നിവയെല്ലാമുണ്ട്. ബിഎംഡബ്ല്യു X1 എസ്യുവിയുടെ ആദ്യത്തെ2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 192 bhp കരുത്തില്‍ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. അതേസമയം രണ്ടാമത്തെ ഡീസല്‍ എഞ്ചിനാവട്ടെ 190 bhp പവറില്‍ 400 Nm torque വരെ നല്‍കും. വെറും 7.6 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത താണ്ടുന്ന ഈ വാഹനം 7 സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട് ഓട്ടോമാറ്റിക് ഡബിള്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായാണ് വിപണിയില്‍ എത്തിയിരുന്നത്.






