
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മന്നത്തുപത്മനാഭനെയോ അദ്ദേഹത്തിന്റെ സംഘടനയ്ക്കോ വേണ്ടത്ര പരിഗണന നല്‍കാതെ ബോധപൂര്‍വം അവഗണിക്കുന്നതിനാല്‍ സത്യാഗ്രഹ വാര്‍ഷികാഘോഷ സമിതിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍എസ്എസ് അറിയിച്ചു. സമിതിയില്‍ നിന്ന് ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തില്‍ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
ക്ഷേത്രത്തിന് സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂര്‍ സത്യാഗ്രഹത്തിനും തുടക്കമിട്ടത്.മന്നത്തുപത്മനാഭന് നേതൃത്വം ഏറ്റെടുത്തശേഷം സത്യാഗ്രഹങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനത്തിന് വേണ്ടിയുള്ളതായി മാറി. ഇതു മുഖേനയാണ് കേരളത്തിലെ നവോത്ഥാന സംരഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിപ്ലവാത്മകമായ ഈ മാറ്റങ്ങള്‍ക്ക് മേലുള്ള ശ്രീ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.
എന്നാല്‍ ഇതു സംബന്ധിച്ച് തുടര്‍ന്നുള്ള ചടങ്ങുകളിലൊക്കെ, മന്നത്തിനോടൊപ്പമുണ്ടായിരുന്നവര്‍ക്ക് നല്കി വരുന്ന പരിഗണന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനക്കോ നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടില്ല എന്നു മാത്രമല്ല, ബോധപൂര്‍വം അവഗണിക്കുന്ന സമീപനമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.
ഇതിനെതിരെ എന്തെങ്കിലും അവകാശവാദം ഉന്നയിക്കുന്നതിനോ പ്രതിഷേധിക്കുന്നതിനോ ആരും തന്നെ ഇതുവരെ തയ്യാറായിട്ടില്ല. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമ്മുടെ നാടിനുണ്ടായ മാറ്റങ്ങളില്‍ സന്തോഷിക്കുന്നത് നല്ലതുതന്നെ. അതില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ അതിന്റെ ഗുണഭോക്താക്കളുമാണ്. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു.






