
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) യുടെ അറസ്റ്റ് വാറന്റ്. യുക്രെയിനില്‍ നിന്നും കുട്ടികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയത് ഉള്‍പ്പെടെ യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദി എന്ന നിലയിലാണ് നടപടി.
യുക്രെയിനില്‍ റഷ്യ നടത്തിയ 2002 ഫെബ്രുവരി 24 മുതലുള്ള പൂര്‍ണ്ണ അധിനിവേശത്തിന് പിന്നാലെ നടന്ന എല്ലാ യുദ്ധ കുറ്റകൃത്യങ്ങളും പെടും. അതേസമയം ആരോപണങ്ങള്‍ മോസ്ക്കോ നിഷേധിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് അവകാശമില്ലെന്നും നിയമനപടി അംഗരാഷ്ട്രങ്ങള്‍ക്ക് എതിരേ മാത്രമേ നടത്താനാകൂ എന്നും റഷ്യ അതില്‍ അംഗമല്ലെന്നും റഷ്യ പറയുന്നു. റഷ്യ ഇതിനെ അംഗീകരിക്കുന്നില്ലെങ്കിലും മറ്റു വഴികളിലൂടെ പുടിന് ഇത് പ്രശ്നമാകുമെന്നാണ് വിലയിരുത്തുന്നത്.
പുടിന് റഷ്യയ്ക്ക് പുറത്ത് സന്ദര്‍ശനം നടത്താനോ മറ്റോ കഴിയാതെ വരുമെന്ന സ്ഥിതിയുണ്ടാകും. പുടിന് നേരിട്ടും മറ്റുള്ളവരെ കൊണ്ട് െചയ്യിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യിച്ചതായിട്ടാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആരോപിക്കുന്നത്. കുട്ടികളെ യുക്രെയിനില്‍ നിന്നും കടത്തുന്നത് തടയുന്ന കാര്യത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ അധികാരം പുടിന് ഉപയോഗിച്ചില്ലെന്നാണ് ആരോപണം.
ഐസിസിയുടെ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്ക അംഗമല്ലെങ്കിലും ഇതിനെ കരുത്തുറ്റ നടപടി എന്നു താന്‍ വിശേഷിപ്പിക്കുമെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. റഷ്യന്‍ കുട്ടികളുടെ അവകാശ കമ്മീഷണര്‍ മരിയ എല്‍വോവ - ബെലോവയ്ക്ക് എതിരേയും ഇതേ കുറ്റത്തിന് ഐസിസി നടപടിയെടുത്തിട്ടുണ്ട്.






