
100 ദിവസം വെള്ളത്തിനടിയില്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്ന് സൗത്ത് ഫ്ലോറിഡ സര്‍വകലാശാല പ്രൊഫസറായ ജോ ഡിതുരി . ജോ മാര്‍ച്ച് ഒന്നിനാണ് വ്യത്യസ്തമായ ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. 100 ദിവസം വെള്ളത്തില്‍ 30 അടി താഴ്ചയിലാണ് ഇദ്ദേഹം കഴിയുന്നത്.
ഡോ. ഡീപ് സീ എന്നും ജോ ഡിതുരി അറിയപ്പെടുന്നു. മൂന്നുമാസക്കാലം വെള്ളത്തിനടിയില്‍ ജീവിച്ചു കൊണ്ടുള്ള പരീക്ഷണത്തിനാണ് അദ്ദേഹം മുതിര്‍ന്നിരിക്കുന്നത്. ഇത്തരത്തിലൊരു പരീക്ഷണത്തിന് മുതിരുന്ന ആദ്യത്തെ ആളാവും ഇദ്ദേഹം. ജോ സമുദ്ര പരിസ്ഥിതികളെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുന്നതിനായിട്ടാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നതെന്നാണ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി നേടിയ ആളാണ് ഇദ്ദേഹം. കൂടാതെ മനുഷ്യന്റെ വിവിധ രോഗങ്ങളെ തടയാന്‍ ഉപയോഗിച്ചേക്കാവുന്ന മെഡിക്കല്‍ സാങ്കേതികവിദ്യയും അദ്ദേഹം പരീക്ഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
'ഈ യാത്ര എന്റെ ശരീരത്തെ എല്ലാ വിധത്തിലും ബാധിക്കുന്നതെങ്ങനെയെന്ന് ഈ പഠനത്തിലൂടെ പരിശോധിക്കപ്പെടും. എന്നാല്‍, സമ്മര്‍ദ്ദം കൂടുന്നത് എന്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് എന്റെ അനുമാനം. അതിനാല്‍, ഞാന്‍ ഒരു സൂപ്പര്ഹ്യൂമനായി പുറത്തുവരുമെന്നാണ് കരുതുന്നത്' എന്നും ജോ പറയുന്നു.
യുഎസ് നേവി കമാന്‍ഡറായി വിരമിച്ച ശേഷമാണ് ഇദ്ദേഹം പ്രൊഫസറായി മാറിയത്. 'നെപ്റ്റിയൂണ്‍ 100' പരീക്ഷണത്തിനായിട്ടാണ് ഇദ്ദേഹം ഇത്തരത്തില്‍ ഒറ്റപ്പെട്ട ജീവിതം ജീവിക്കുക. പരീക്ഷണം പൂര്‍ത്തിയായാല്‍ ഏറ്റവുമധികം നാളുകള്‍ വെള്ളത്തിനടിയില്‍ ജീവിക്കുന്ന ആളെന്ന നിലയിലുള്ള ലോക റെക്കോര്‍ഡും ജോ ഡിതുരിയെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോയുടെ മാനസികാവസ്ഥകള്‍ ബഹിരാകാശ യാത്ര നടത്തുന്ന ഒരാളുടേതിന് സമാനമായി സൈക്കോളജിസ്റ്റുകളും സൈക്ക്യാട്രിസ്റ്റുകളും വിലയിരുത്തും.






