
ന്യുഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹൂല്‍ ചോക്സിയ്ക്കെതിരായ അന്വേഷണ ഏജന്‍സികളുടെ നടപടി മൃദുവാകുന്നു. ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കി. ചോക്സിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഇതോടെ ലോകമെമ്പാടും യാത്ര ചെയ്യാനുള്ള ചോക്സിയുടെ വിലക്ക് മാറി.
എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ സിബിഐ ഇതുവരെ തയ്യാറായിട്ടില്ല. ഇന്റര്‍പോളിന് 195 രാജ്യങ്ങളിലാണ് അന്വേഷണ ഏജന്‍സികളുമായി ബന്ധമുള്ളത്. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതും അറസ്റ്റു ചെയ്യുന്നതിനും സ്വന്തം രാജ്യത്തിന് കൈമാറുന്നത് അടക്കമുള്ള നിയമനടപടികള്‍ ഇന്റര്‍പോളിന് സ്വീകരിക്കാം. സിബിഐ അഭ്യര്‍ത്ഥന പ്രകാരമാണ് ചോക്സിയെ ഇന്റര്‍പോള്‍ കണ്ടെത്തിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷമാണ് ചോക്സി രാജ്യം വിട്ടത്. 2018 ജനുവരിയില്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയ ചോക്സിക്കെതിരെ 10 മാസത്തിനു ശേഷമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയത്. അന്റിഗ്വ-ബര്‍ബുഡയില്‍ ആയിരുന്ന ചോക്സി അവിടെ പൗരത്വവും എടുത്തിരുന്നു.
എന്നാല്‍ തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐയുടെ അപേക്ഷയില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്കിയിതിനെയും ചോക്സി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലെ ജയിലിലെ അവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നത് ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പറഞ്ഞിരുന്നു.
ചോക്സിയുടെ അപേക്ഷ ഇന്റര്‍പോള്‍ കമ്മിറ്റി കോടതിയായ കമ്മീഷണ് ഫോര്‍ കണ്ട്രോള് ഓഫ് ഫയല്‍സിലെ അഞ്ചംഗ സമിതി പരിശോധിച്ചിരുന്നു. അതിനിടെ അന്റിഗ്വയില്‍ നിന്ന് മുങ്ങിയ ചോക്സി ഡൊമിനിക്കയില്‍ അഭയം തേടിയെങ്കിലും അനധികൃതമായി രാജ്യത്തിന് പ്രവേശിച്ചതിന് അറസ്റ്റിലാവകുകയും പിന്നീട് ആന്റിഗ്വയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
തട്ടിപ്പ് കേസില്‍ ചോക്സിക്കും അനന്തരവന് നിരവ മോദിക്കുമെതിരെ സിബിഐ വ്യത്യസ്ത കേസുകള്‍ എടുത്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ 13,000 കോടിയിലേറെ രൂപയാണ് പിഎന്‍ബിക്ക് നഷ്ടപ്പെട്ടത്. ഇതില്‍ 7,080.86 കോടി രൂപ ചോക്സിയും 6000 കോടി നിരവ് മോദിയുമാണ് കൈപ്പറ്റിയത്. ചോക്സിയുടെ കമ്പനി വരുത്തിയ 5000 കോടിയുടെ മറ്റൊരു വായ്പ ക്രമക്കേടും സിബിഐയുടെ പരിഗണനയിലാണ്.






