
പുതിയ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മൊബൈല്‍ സെല്‍ഫിയെടുക്കുക എന്നത്. രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ വിശേഷം ചോദിക്കുന്നതിന് മുമ്പ് അത് ചിത്രങ്ങളില്‍ പതിപ്പിക്കാനാണ് താത്പര്യപ്പെടുന്നത്. സെല്‍ഫികളില്‍ വ്യത്യസ്തത നിറയ്ക്കാന്‍ ഏതൊരാളും ശ്രമിക്കാറുണ്ട്. പക്ഷേ പഴയതലമുറയ്ക്ക് തീര്‍ത്തും അപരിചിതമായ ഒന്നായിരുന്നു സെല്‍ഫി. ഇപ്പോഴിതാ അത്തരമൊരു സെല്‍ഫിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഭരണഘടാനശില്പി ബി.ആര് അംബേദ്കറും മദര്‍തെരേസയുമൊക്കെ സെല്ഫിയെടുത്തിരുന്നെങ്കില് എങ്ങനെയുണ്ടാകുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ വ്യക്തികളുടെ ‘സെല്‍ഫി’കള്‍ തയ്യാറാക്കിയിരിക്കുന്നത്.ആര്‍ട്ടിസ്റ്റായ ജ്യോ ജോണ്‍ മുള്ളൂറാണ് ഈ സെല്ഫികള്ക്ക് പിന്നില്‍. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ജോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘‘എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍, പഴയകാല സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്ന സെല്‍ഫികളുടെ ഒരു നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ജോണിന്റെ പോസ്റ്റ്.
മഹാത്മാഗാന്ധി, ബി ആര് അംബേദ്കര്‍, മദര്‍ തെരേസ, എല്‍വിസ് പ്രെസ്ലി, സാവിയറ്റ് യൂണിയന് നേതാവ് ജോസഫ് സ്റ്റാലിന്, മുന്‍ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്, ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലി, ചെ ഗുവേര എന്നിവരുടെയും സെല്‍ഫികള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ചിത്രങ്ങള്‍ അതി ഗംഭീരം എന്ന് കമന്റ് ചെയ്തിരിക്കുകയാണ് പലരും. ആയിരക്കണക്കിന് പേരിത് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.






