
അമേരിക്കയില്‍ ഇന്ന് ജാതി വിവേചനം സാമൂഹിക പ്രശ്നമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. യുഎസ്എ സംസ്ഥാനമായ കാലിഫോര്‍ണിയ സാമൂഹികമായി മനുഷ്യരെ വേര്‍തിരിക്കുന്ന ജാതിയെ നിരോധിക്കാനാണ് നീക്കമിടുന്നത്. ബില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ഐഷ വഹാബാണ് അവതരിപ്പിച്ചത്. ബില്‍ പാസായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ ആസ്ഥാനമായ കാലിഫോര്‍ണിയ സംസ്ഥാനം ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി മാറും. കാലിഫോര്‍ണിയയില്‍ ലിംഗഭേദം, വംശം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെല്ലാം നിയമവിരുദ്ധമാണ്.
ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള യുഎസ് സംസ്ഥാനമാണ് സാങ്കേതിക കമ്പനികളുടെ ആസ്ഥാനമായ കാലിഫോര്‍ണിയ. അതിനാല്‍ ഇവിടെ ജാതി വിവേചനം പ്രത്യക്ഷത്തില്‍ തന്നെയുണ്ട്. ഇവരില്‍ പലരും കാലിഫോര്‍ണിയയിലെ സാങ്കേതിക സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നതും. ജാതിവിവേചനത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് കാലിഫോര്‍ണിയയില്‍ നിന്നാണ്. ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരെ നിയമങ്ങളുണ്ടെങ്കിലും ജാതി വിവേചനം ഇന്നും ഇന്ത്യയില്‍ ശക്തമാണെന്ന് ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
യുഎസിലെ സിലിക്കണ്‍ വാലി ആസ്ഥാനത്ത് 2020-ല്‍, ഒരു ദളിത് ഇന്ത്യന്‍ എഞ്ചിനീയര്‍ താന്‍ ജാതി വിവേചനം നേരിട്ടുവെന്ന് പരാതിപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങള്‍ക്ക് ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തലുമായെത്തിയത്. ഇതോടെയാണ് ജാതി വിവേചനത്തിനെതിരെയുള്ള നിയമ നിര്‍മ്മാണത്തിന് കാലിഫോര്‍ണിയ സംസ്ഥാനത്ത് ആവശ്യമുയര്‍ന്നതും.സിയാറ്റിനാണ് ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുന്ന ആദ്യത്തെ യുഎസ് നഗരം .






