
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റംഗത്വം നഷ്ടമായ രാഹുലിനെ തിരിച്ചടിക്കുന്നത് 'ചെയ്തു പോയ കര്‍മ്മഫല' മെന്ന് ആസ്സാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ്. രാഹുലിന്റെ പാര്‍ലമെന്റില്‍ നിന്നുള്ള പുറത്താക്കലിനെ ചെയ്തുപോയ കര്‍മ്മങ്ങള്‍ തിരിച്ചടിക്കുന്നതാണെന്നായിരുന്നു ഹിമന്ദയുടെ പ്രതികരണം.
2013 ല്‍ മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്ത് എംപിമാരെ പെട്ടെന്ന് അയോഗ്യരാക്കുന്നതിന് എതിരേ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ രാഹുല്‍ അപമാനിച്ചതിനുള്ള പ്രതിഫലമെന്നാണ് ഹിമന്ദ ബിശ്വാസ് പറയുന്നത്. രാഹുലിന്റെ അയോഗ്യത കര്‍മ്മഫലം തിരിച്ചടിക്കുന്നതാണ്. അതിന് ഞങ്ങള്‍ കുറ്റക്കാരാണോയെന്ന് ഹിമന്ദ ബിശ്വാസ് ചോദിച്ചു.
മന്മോഹന് സിംഗ് ഭരണകാലത്ത് അദ്ദേഹം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ രാഹുല്‍ അപമാനിക്കുകയായിരുന്നു. രാഹുലിന്റെ മോഡി പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പോലും എതിര്‍പ്പുണ്ടെന്നും അവരുടെ ഒബിസി എംഎല്‍എമാരോട് നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോ എന്ന് വ്യക്തിപരമായി ചോദിക്കണമെന്നും ഹിമന്ദ പറയുന്നു. ഒരു പ്രസ്താവന നടത്തുന്നതും ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതും തമ്മില്‍ വ്യത്യസ്തതയുണ്ടെന്നും പറഞ്ഞു. നീതിന്യായീ വ്യവസ്ഥ ചെയ്തത് ശരിയായ കാര്യമാണെന്നും അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മേല്‍ക്കോടതിയില്‍ പോകണമെന്നും പറഞ്ഞു.
രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ചില തെറ്റായ വാക്കുകളൊക്കെ സംഭവിക്കുക സ്വാഭാവികമായ കാര്യമാണ്. പക്ഷേ അതൊന്നും വല്യ കാര്യമല്ല. എന്നാല്‍ ഇക്കാര്യം കൂടെയുള്ളവരോ പാര്‍ട്ടിയിലുള്ളവരോ ശ്രദ്ധയില്‍ പെടുത്തിയാല്‍ അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നെന്നും മേലില്‍ ചെയ്യരുതെന്നും സ്വയം തോന്നേണ്ടതുണ്ട്. ഇത്തരം കാര്യം സംഭവിച്ചാല്‍ സാധാരണഗതിയില്‍ തെറ്റു സംഭവിച്ചത് സമ്മതിച്ച് മാപ്പു പറഞ്ഞുകൊണ്ട് പത്രപ്രസ്താവനയോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്ത് മാപ്പുപറയുകയോ ആണ് വേണ്ടത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി രാഹുല്‍ ആരോടും മാപ്പു പറഞ്ഞിട്ടില്ല. ഇവിടെ അദ്ദേഹം നരേന്ദ്രമോഡിയോട് മാപ്പു പറയുകയല്ല. മോഡി സമുദായക്കാരോട് മുഴുവന്‍ മാപ്പു പറയുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് മാത്രമല്ല അഭിമാനമുള്ളത്. എല്ലാവര്ക്കും അതുണ്ട്.
ഒബിസി സമൂഹത്തിനും അവരുടേതായ അഭിമാനമുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യം അതിന് പിന്നില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും പറഞ്ഞു. നിങ്ങള്‍ പ്രതിപക്ഷത്തെ ഒരു നേതാവാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിടത്തും യോഗം ചേരുന്നതില്‍ തടസ്സമില്ല. നിങ്ങള്‍ക്ക് റാലി നടത്താം, യോഗം നടത്താം ഭാരത് ജോഡോയാത്ര നടത്താം ഒന്നിനും എതിര്‍പ്പില്ല. പക്ഷേ ഒരു സമൂഹത്തിനെതിരേ അസ്വീകാര്യമായ പരാമര്‍ശനം നടത്തരുതെന്ന് മാത്രമെന്നും ഹിമന്ദ ബിശ്വാസ് പറഞ്ഞു.
2013 ഏപ്രിലില്‍ ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതാവ്യവസ്ഥ സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അത് മറികടക്കാനുള്ള ഓര്‍ഡിനന്‍സ് അഞ്ചുമാസത്തിനുശേഷം യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, വിഡ്ഢിത്തമെന്നാരോപിച്ച് രാഹുല്‍ എതിര്‍ത്തതോടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ പിന്നീട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് നിയമമാക്കാനോ സാധിച്ചില്ല.
ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണു രാഹുല്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ കീറിയെറിഞ്ഞത്. അഴിമതി അവസാനിപ്പിക്കണമെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ പാടില്ലെന്നായിരുന്നു രോഷാകുലനായ രാഹുലിന്റെ പ്രതികരണം.






