
കൊല്ലം; നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍തല്ലിയത് പകര്‍ത്തിയ ഓട്ടോ ഡ്രൈവറുടെ കയ്യൊടിച്ച് യുവതി. ഓട്ടോ ഡ്രൈവറായ വിജിത്ത് എന്നയാളാണ് യുവതിയുടെ ആക്രമണത്തിനിരയായത്. പൊലീസ് അന്‍സിയ എന്ന യുവതിക്കെതിരെ കേസെടുത്തു. സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ച കടയ്ക്കല്‍ പാങ്ങലുകാട് വച്ചാണ്.
സ്ത്രീകള്‍ തമ്മില്‍ ഒരാഴ്ച്ച മുമ്പ് കടയ്ക്കല്‍ പാങ്ങലുകാട് ജംഗ്ഷനില്‍ വച്ചായിരുന്നു ഏറ്റുമുട്ടിയത്. യുവതികള്‍ പരസ്പരം അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കൂട്ടത്തിലെ ഒരു യുവതി കൈ തല്ലിയൊടിച്ചത്.
വിജിത്ത് പരാതിപ്പെട്ടത് അന്‍സിയ എന്ന സ്ത്രീ കമ്പിവടി കൊണ്ട് അടിച്ചുവെന്നാണ്. വിജിത്തിന്റെ പരാതിയില്‍ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഇടത് കൈ ഒടിഞ്ഞ യുവാവിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകള്‍ നല്കിയ പരാതിയിലും ഇതേ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതികളെ മര്‍ദ്ദിച്ചതിന് എസ് സി, എസ്ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്നും പൊലീസ് പറഞ്ഞു.






