
കോഴിക്കോട്: കോഴിക്കോട് അഗസ്ത്യമുഴിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്.
ആശുപത്രി അധികൃതർ സമയബന്ധിതമായി ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗർഭത്തിന്റെ അഞ്ചാം മാസം മുതൽ യുവതി ഈ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നും ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി നേരത്തെ ആശുപത്രിയിലെത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.






