
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനെ കാണാന്‍ അവള്‍ക്ക് അവസരം കിട്ടിയത്. പ്രചോദനകരമായ അനേകം കാര്യങ്ങള്‍ കുറിച്ച് സ്വന്തം കൈപ്പടയില്‍ അദ്ദേഹം എഴുതിയ ഒരു കത്ത് അദ്ദേഹം അവള്‍ക്ക് നല്കി. ഈ കത്തിലെ പ്രചോദനം ഉള്‍ക്കൊണ്ട് തൃപ്തിഭട്ട് തള്ളിക്കളഞ്ഞത് 16 സര്‍ക്കാര്‍ ജോലികളാണ്.
തൃപ്തി ഭട്ട് ഉപേക്ഷിച്ച ജോലികളില്‍ ഐഎസ്ആര്‍ഒ യിലേത് വരെ ഉണ്ടായിരുന്നു. ഇതിനൊപ്പം തന്നെ സ്വകാര്യമേഖലകളിലെയും അനേകം ജോലികള്‍ക്കുള്ള വാഗ്ദാനങ്ങളും നിരസിച്ചു. എന്നാല്‍ സിവില്‍സര്‍വീസ് പരീക്ഷ ആദ്യ ശ്രമത്തില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കി ഐപിഎസ് ഓഫീസറായി മാറി. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് തൃപ്തിഭട്ട്.
സ്കൂള്‍ അദ്ധ്യാപകരുടെ കുടുംബത്തില്‍ നാലു സഹോദരങ്ങളുടെ മൂത്തവളായി തൃപ്തി അല്മോരയിലാണ് ജനിച്ചത്. ബീര്‍ഷേബയില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ തൃപ്തി കേന്ദ്രീയ വിദ്യാലയത്തിലാണ് 12 ാം ക്ലാസ്സ് പാസ്സായത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പന്ത് നഗര്‍ സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്. എടുത്തു. ഇതിനകം ഐഎസ്ആര്‍ഒ യിലേത് അടക്കം ആറ് സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷകളും നേടി. അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥയാകുക എന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ചിരുന്ന അവര്‍ സിവില്‍ സര്‍വീസിലേക്ക് പൂര്‍ണ്ണമായും ലക്ഷ്യം വെച്ചതോടെ തന്നെ തേടിവന്ന സര്‍ക്കാര്‍ ജോലികളെല്ലാം തള്ളി.
2013 ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിഎസ്ഇ 165 ാം റാങ്കില്‍ പാസ്സായി. മാരത്തോണില്‍ സ്വര്‍ണ്ണമെഡല്‍ നേടിയിട്ടുള്ള അവര്‍ സംസ്ഥാന തലത്തിലെ ബാഡ്മിന്റണ്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. തായ്ക്വാണ്ടോയിലും കരാട്ടേയിലും ആവഗാഹമുണ്ട്.






