
തന്റെ വിദ്യാര്‍ത്ഥികള്‍ നല്കിയ ചെമ്പ് നാണയങ്ങള്‍ 1,000 വര്‍ഷം മുമ്പ് തമിഴ്നാട് ഭരിച്ചിരുന്ന രാജരാജ ചോള ഒന്നാമന്റെ കാലഘട്ടത്തിലേതാണെന്ന് അധ്യാപകന് തിരിച്ചറിഞ്ഞത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അദ്ദേഹത്തിന് തമിഴ്നാട്ടിലെ വിരുദുനഗറിലെ ശിവന്തിപ്പട്ടി നാടാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിപ്പിക്കവേയാണ് തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ നാണയം സമ്മാനിച്ചത്. നാണയം അത്ര സാധാരണമല്ലാത്തതിനാല്‍ അദ്ദേഹം അത് സൂക്ഷിച്ച് വച്ചു. തഞ്ചാവൂരിലെ നാണയശാസ്ത്രജ്ഞന്‍ അറുമുഖ സീതാരാമന് അധ്യാപകര്‍ക്കായി നടത്തിയ ഒരു കോഴ്സ് വര്‍ക്കിനിടെ ചോളരാജാക്കന്മാരുടെ കാലഘട്ടത്തിലെ നാണയങ്ങളെക്കുറിച്ച് പറഞ്ഞപ്പോളാണ് അത്തരമൊരു ചെമ്പ് നാണയം തന്റെ കൈവശമുള്ളതായി സെല്‍വത്തിന് ഓര്‍മ്മ വന്നത്.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം നാണയം പരിശോധിച്ചു. ശേഷം തന്റെ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വി രാജഗുരുവുമായി ബന്ധപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകനാണെങ്കിലും പുരാവസ്തു ശാസ്ത്രത്തില്‍ തത്പരനായിരുന്നു വി രാജഗുരു. നാണയം പരിശോധിച്ച രാജഗുരു, നാണയം തമിഴ്നാട്ടിലെ പുരാതന ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് കണ്ടെത്തി.
ഈ ചെമ്പ് നാണയത്തിന് 1,000 വര്‍ഷം പഴക്കമുണ്ട്. രാജരാജ ചോളന് ഒന്നാമന്റെ കാലഘട്ടം മുതല്‍ കുലോത്തുംഗ ചോളന് ഒന്നാമന്റെ കാലം വരെ ഈ നാണയങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഇക്കാലത്ത് സ്വര്‍ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളില്‍ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇക്കാലത്ത് യുദ്ധവിജയങ്ങളുടെ പേരിലും നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ചോളാധിപന്‍ ശ്രീലങ്ക കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായി ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കി. ഈ ചെമ്പ് നാണയങ്ങള്‍ കാലക്രമേണ ക്ലാവ് പിടിച്ച് കറുക്കുന്നതിനാല് ഇവയെ 'ഈളം കരുങ്കാസു' എന്നാണ് വിളിച്ചിരുന്നത്. ഇത്തരം നാണയങ്ങളില്‍ പേരുകള്‍ കൊത്തിവയ്ക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു.
ഇത്തരത്തില്‍ സെല്‍വത്തിന്റെ കൈയിലുണ്ടായിരുന്ന നാണയം ശ്രീലങ്ക കീഴടക്കിയപ്പോള്‍ പുറത്തിറക്കിയ 'ഈളം കരുങ്കാസു' എന്ന ചെമ്പ് നാണയമാണെന്നും വി. രാജഗുരു തിരിച്ചറിഞ്ഞു. നാണയത്തിന്റെ ഒരു വശത്ത് ഇടതുകൈയില്‍ പുഷ്പം പിടിച്ചിരിക്കുന്ന ഒരു മനുഷ്യ രൂപം കൊത്തിയിട്ടുണ്ട്. വലത് വശത്തെ കൈയില്‍ ഒരു ശംഖും നാല് വൃത്തങ്ങളുമാണുള്ളത്. അതിന് താഴെ ഒരു പൂവും മുകളില്‍ ചന്ദ്രക്കലയും കാണാം. മറുവശത്ത് കൈയില്‍ ശംഖുമായി ഒരു മനുഷ്യന് ഇരിക്കുന്നു. ദേവനാഗരി ലിപിയില്‍ അദ്ദേഹത്തിന്റെ ഇടതുകൈയ്ക്ക് സമീപം 'ശ്രീരാജരാജ' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.






