
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ കേരളത്തിലേക്ക്. രണ്ടു ദിവസങ്ങള്‍ക്കകം ബാങ്കുകള്‍ക്ക് മതിയായ രീതിയില്‍ തന്നെ 500 രൂപ ലഭ്യമാക്കാനുള്ള നപടികള്‍ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് മേഖലാ ഓഫീസ് വ്യക്തമാക്കി. 2000 ന് പകരമായി നിറച്ച 100 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ച് നിമിഷങ്ങള്‍ക്കകം തീരുന്ന സാഹചര്യത്തിലാണ് 500 ന്റെ നോട്ടുകള്‍ എത്തിക്കാന്‍ നിര്ബ്ബന്ധിതമായിരക്കുന്നത്.
നേരത്തേ 2000 ന്റെയും 100 ന്റെയും നോട്ടുകള്‍ മാത്രമായിരുന്നു എടിഎമ്മുകളില്‍. എന്നാല്‍ എടിഎമ്മുകളില്‍ 2000 രൂപ മാത്രം നിറയ്ക്കുന്നത് പരാതിക്ക് കാരണമായി. ഇതെ തുടര്‍ന്നായിരുന്നു 100 രൂപാ നോട്ടുകള്‍ കൂടി വെച്ചിരുന്നത്. എന്നാല്‍ അതും മണിക്കൂറുകള്‍ കൊണ്ടു തന്നെ തീരുന്ന സ്ഥിതി വരികയായിരുന്നു. ബാങ്ക് അവധി ദിനങ്ങളില്‍ പണം നിറച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ എടിഎമ്മുകള്‍ കാലിയാകുന്ന സ്ഥിതിയുണ്ട്.
പ്രവര്ത്തിദിനങ്ങളിലാകട്ടെ ചെക്ക് ഉള്‍പ്പെടെയുള്ള ബാങ്കിടപാടുകള്‍ക്ക് വലിയ കാലതാമസവും നേരിടുന്നുണ്ട്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐ മേഖലാബാങ്ക് കൂടതല്‍ 500 രൂപയുടെ നോട്ടുകള്‍ ആവശ്യപ്പെട്ടത്. പണമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മിക്ക എടിഎമ്മുകളും ഷട്ടറിട്ട അവസ്ഥയിലാണ്.






