
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തേര്‍വാഴ്ചയ്ക്കെതിരെ വി.എസ് അച്യുതാനന്ദന്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധി അല്ല പോലീസെന്ന് വി.എസ് പറഞ്ഞു. ഇത് ഇടത് ഭരണമാണെന്ന് പോലീസ് ഓര്‍ക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍തീരത്ത് വിശ്രമിക്കാനിറങ്ങിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും ഭാര്യയെയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും ഭാര്യയെയും എസ്.ഐ ദ്വിജേഷിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വി.എസിന്റെ വിമര്‍ശനം.
നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. ഒന്നര വയസുള്ള കുട്ടിയെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയുമുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസില്‍ വച്ച് പൊറുപ്പിക്കാനാകില്ല. പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാകരുത്. പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.

ദളിതരും ആദിവാസികളും എഴുത്തുകാരും കാലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്ക്കുണ്ടാകില്ല എന്ന് ഉറപ്പു വരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പോലീസ്. കമല്‍ സി. ചവറ എന്ന എഴുത്തുകാരനെ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്ത് നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാര്‍ത്തയുണ്ട്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രശ്നം ഗുരുതരമാണ്. ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങള്ക്കുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ കൊണ്ട് സഹായിക്കൂ എന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.







Comments