
നിരന്തരമായ പരിശ്രമം ഉണ്ടെങ്കില്‍ ഏത് കാര്യവും ജീവിതത്തില്‍ സാധ്യമാകും എന്ന് തെളിയിച്ച വ്യക്തിത്വമാണ് ഷാ സാ സൂണ്‍ എന്ന കൊറിയന്‍ യുവതി. 960-ാം തവണയാണ് ഇവര്‍ തന്റെ പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിലൂടെയാണ് 18 വര്‍ഷം മുന്‍പ് ഷാ സാ സൂണ്‍ സ്വന്തമാക്കിയ ഈ അഭിമാന നേട്ടത്തിന്റെ കഥ വീണ്ടും വൈറലായത്.
2005 ലാണ് ആദ്യമായി ഡ്രൈവിങ്ങിന്റെ എഴുത്തുപരീക്ഷ ഇവര്‍ എഴുതുന്നത്. എന്നാല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ആഴ്ചയില്‍ 5 ദിവസം വീതം മൂന്നു വര്‍ഷമാണ് പരീക്ഷ എഴുതാന്‍ എടുത്ത കാലാവധി. 860-ാം തവണയാണ് എഴുതി വിജയിച്ചത്. തുടര്‍ന്ന് പ്രാക്ടിക്കല്‍ ടെസ്റ്റിന് വേണ്ടി പരിശ്രമിച്ചു. എഴുത്തു പരീക്ഷയേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്. അവസാനം 960-ാം പരിശ്രമത്തില്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് പാസാകുകയായിരുന്നു. അഞ്ച് വര്‍ഷമെടുത്ത് 69-ാം വയസ്സിലാണ് ലൈസന്‍സ് ഇവര്‍ സ്വന്തമാക്കിയത്. ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് ലൈസന്‍സ് ടെസ്റ്റ് പാസാകുന്നതിനായി ഇവര്‍ ചിലവഴിച്ചത്.
'അവസാനം അവര്‍ക്ക് ലൈസന്‍സ് ലഭിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും വലിയ സന്തോഷം തോന്നും. നമ്മുടെ തോളില്‍ നിന്ന് വലിയ ഭാരം ഇറങ്ങിയതു പോലെയാണ്. പരിശ്രമത്തില്‍ നിന്ന് പിന്മാറാന് നമുക്ക് ഒരിക്കലും അവരോടു പറയാന്‍ സാധിക്കില്ല. കാരണം അവര്‍ പരിശ്രമത്തിലൂടെ വിജയിച്ചവരാണ്. '-ഷാ സാ സൂണിന്റെ പരിശീലകനായ പാര്‍ക് സിയോണ്‍ പറഞ്ഞു. ഷാ സാ സൂണിന്റെ ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം ചര്‍ച്ചയായതോടെ ഹ്യൂണ്ടായി ഇവര്‍ക്ക് ഒരു വാഹനം സമ്മാനമായി നല്‍കുകയും ചെയ്തു. റെഡിറ്റില്‍ ഇവരുടെ കഥ ചര്‍ച്ചയായതോടെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് എത്തുന്നത്.






