ന്യൂഡല്‍ഹി: പണം നിക്ഷേപിക്കുന്നതിന് വീണ്ടും നിയന്ത്രണം. പണം നിക്ഷേപിക്കുന്ന യന്ത്രങ്ങളില്‍ ഇനി പണം നിക്ഷേപിക്കാനാകില്ല. നാളെ മുതലാണ് നിയന്ത്രണം നിലവില്‍ വരുന്നത്. പുതിയ നിയന്ത്രണം സംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി.
അസാധു നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഇന്ന് തന്നെ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ 30ന് മുന്‍പ് അയ്യായിരം രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഒരു തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ.
അയ്യായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യല്‍ റെക്കോഡ് ചെയ്യണം. മറുപടികള്‍ തൃപ്തികരമായിരിക്കണം. ഡിസംബര്‍ 30ന് ശേഷം പണം നിക്ഷേപിക്കാനാകില്ല.
കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ മാത്രമേ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകൂ. കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കാത്തവയില് 50,000 രൂപ വരെ മാത്രമേ പരമാവധി നിക്ഷേപിക്കാനാകൂ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണത്തിന് പുതിയ നിയന്ത്രണങ്ങള്‍ ബാധകമല്ല.






