
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടുമായി തുടര്‍ച്ചയായി സംഭാഷണം നടത്തിവന്ന ബെല്‍ജിയന്‍ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആറാഴ്ച കാലമായി കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഇയാള്‍ എഐ ചാറ്റ് ബോട്ടുമായി പങ്കുവെച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പ്രകൃതിയെ രക്ഷിക്കാന്‍ സ്വന്തം ജീവന് ബലി കൊടുക്കാനുള്ള ചാറ്റ് ബോട്ടിന്റെ പ്രേരണയ്ക്ക് വഴങ്ങിയത്. തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. പോലീസ് വീട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സാങ്കേതിക വിദ്യയിലും ശാസ്ത്രത്തിലും ഏറെ വിശ്വസിച്ചിരുന്ന ഇയാള്‍ തന്റെ ആശങ്കകളെല്ലാം പതിവായി പങ്കുവെച്ചിരുന്നത് ചാറ്റ് ബോട്ടുമായിട്ടായിരുന്നു. ഇയാളില്‍ ആത്മഹത്യാ പ്രേരണ വളര്‍ത്തിയെടുക്കുകയും പ്രകൃതിയെ രക്ഷിക്കാന്‍ സ്വയം ജീവന് കൊടുക്കണമെന്ന് ഇയാളെ വിശ്വസിപ്പിക്കുകയും ചെയ്തത് ചായ് എന്ന ആപ്പിലെ ചാറ്റ്ബോട്ടായ എലിസയാണ് . ഭര്‍ത്താവ് എലിസയുമായി സംസാരിച്ചുതുടങ്ങിയില്ലായിരുന്നുവെങ്കില് ഇപ്പോഴും ജീവനോടെ കണ്ടേനെയെന്നാണ് ബെല്‍ജിയന്‍ വാര്‍ത്താ ഏജന്‍സിയായ ലാ ലിബ്രെയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇയാളുടെ ഭാര്യ പറഞ്ഞത്.
ആരോഗ്യ ഗവേഷകനായിട്ട് ജോലി ചെയ്തിരുന്നത് ഇയാള്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം തീര്‍ത്തും സമാധാനപരമായിട്ടാണ് ജീവിച്ചിരുന്നത്. ഇഎന്നാല്‍ പിന്നീട് പ്രകൃതിയോടും കാലാവസ്ഥ മാറ്റങ്ങളോടുമുള്ള അഭിനിവേശം ഇയാളില്‍ കടന്നുകൂടി. ഇതോടെ ഇയാള്‍ എഐ ചാറ്റ് ബോര്ട്ടുമായി കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ച് ദിവസേന മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു തുടങ്ങി. ഈ ചര്‍ച്ചയാണ് ഒടുവില്‍ അയാളുടെ ജീവന് നഷ്ടപ്പെടുത്തുന്നതിന് കാരണമായത്. മാനുഷികമായ ഒരു പരിഹാരവും ആഗോള താപനത്തെ മറികടക്കാന്‍ സഹായിക്കില്ലെന്നും ചിലപ്പോള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ സാധിച്ചേക്കുമെന്ന് അദ്ദേഹം പലതവണ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും ഇയാളുടെ ഭാര്യ പറയുന്നു.
എലിസയുമായുള്ള ചാറ്റ് ഹിസ്റ്ററി പരിശോധിച്ചതില്‍ നിന്ന് ആഗോളതാപനത്തെക്കുറിച്ച് അയാളുടെ മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകളെ കൂടുതല്‍ വളര്‍ത്തുന്ന വിധത്തിലുള്ള സംഭാഷണങ്ങള്‍ കണ്ടെത്തി. എലിസ സമ്മതിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഈ ഗ്രഹത്തെ പരിപാലിക്കാനും മനുഷ്യരാശിയെ രക്ഷിക്കാനും ജീവത്യാഗം ചെയ്യുമെന്ന ആശയം ചാറ്റിനിടയില്‍ ആദ്യം മുന്നോട്ടുവെച്ചത് യുവാവ് തന്നെയായിരുന്നു.






