
ന്യൂഡല്‍ഹി: എഫ്ബിഐ യുടെ സഹായത്തോടെ ഡല്‍ഹിപോലീസിലെ സ്പെഷ്യല്‍ സെല്‍ മെക്സിക്കോയില്‍ നിന്നും അറസ്റ്റ് ചെയ്ത ഗുണ്ടാതലവന്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം ഉണ്ടാക്കിയ ബോക്സര്‍. ഒരു കൊലപാതകക്കേസില്‍ ഡല്‍ഹിപോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ബോക്സര്‍ എന്ന് വിളിക്കുന്ന ദീപക് പഹലാണ് അറസ്റ്റിലായത്.
വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കിയാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും മെക്സിക്കോയിലേക്ക് കടന്നത്. ദീപകിനെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ നേരത്തേ തെക്കുപടിഞ്ഞാറന്‍ സ്പെഷ്യല്‍ സെല്‍ മെക്സിക്കോയിലേക്ക് പോയിരുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങും മുമ്പ് ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ബോക്സിംഗ് താരമായിരുന്നതിനാലാണ് ഇയാളെ ബോക്സര്‍ എന്ന് വിളിക്കുന്നത്.
അനേകം തവണ സംസ്ഥാന ദേശീയ ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സോണിപഥിലെ ഗണൗറിലെ ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ആളാണ് ദീപക്. 2008 ല്‍ ബോക്സിംഗ് ക്ലബ്ബുകളില്‍ ചേര്‍ന്ന ഇയാള്‍ പെട്ടെന്ന് തന്നെ സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2019 ല്‍ സായിയില്‍ ബോക്സിംഗ് പരിശീലനം നേടിയിട്ടുള്ള ഇയാള്‍ 15-16 വയസ്സുള്ളവരുടെ 57 കിലോ ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
ബോക്സിംഗിനോടുള്ള പ്രണയം മൂത്ത് പത്താം തരത്തില്‍ പഠിത്തം നിര്‍ത്തുകയും ബോക്സിംഗിന് പിന്നാലെ പോകുകയായിരുന്നു. ജൂണിയര്‍ ലെവലില്‍ സ്വര്‍ണ്ണം നേടിയെങ്കിലും പിന്നീട് ബോക്സിംഗ് വിട്ടു ഗ്യാംഗുകള്‍ക്ക് പിന്നാലെ പോകുകയുമായിരുന്നു.






