
വാഷിംഗ്ടണിലെ ആല്‍ഡര്‍വുഡ് മാളിലെ ആപ്പിള്‍ സ്റ്റോറില്‍ നാല് കോടി രൂപയോളം വില വരുന്ന ആപ്പിള്‍ ഫോണുകള്‍ മോഷണം പോയി. മോഷ്ടാക്കള്‍ സമീപത്തെ ഒരു കോഫി ഷോപ്പ് വഴിയാണ് ഇവിടേക്ക് നുഴഞ്ഞുകയറിയത്. പുലര്‍ച്ചെ മോഷണം നടന്നതിനാല്‍ ആപ്പിള്‍ സ്റ്റോറില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. മോഷ്ടാക്കള്‍ കോഫി ഷോപ്പിനുള്ളില്‍ കയറിയ ബാത്ത്റൂം ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് ആപ്പിള്‍ സ്റ്റോറിനുള്ളില്‍ കടന്നത്. എന്നാല്‍ കോഫി ഷോപ്പില്‍ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ല.
സ്റ്റോറുമായി ബന്ധപ്പെട്ടവര്‍ സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയമുണ്ടെന്ന് വ്യക്തമാക്കി. വ്യക്തമായ ധാരണയുള്ളവര്‍ക്കേ ഇത് ചെയ്യാനാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആല്ഡര്വുഡിന്റെ വക്താവ് സംഭവം അന്വേഷിക്കാന്‍ 'ലിന്‍വുഡ് പോലീസുമായി' സഹകരിക്കുമെന്ന് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് മോഷണത്തിന്റെ നിരീക്ഷണ ദൃശ്യങ്ങള്‍ ലഭിച്ചതായാണ് സൂചന. അന്വേഷണം നടക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പരസ്യമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സംഭവത്തെപ്പറ്റി ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഷണം പോയ ഐഫോണുകളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.






