
തന്റെ രൂപത്തെ പറ്റി വിമാനയാത്രയ്ക്കിടെ ഒരു എയർഹോസ്റ്റസ് നടത്തിയ പ്രസ്താവനയെ കുറിച്ച് ബോളിവുഡ് താരം ഷെഫാലി ഷാ. ആദ്യം കണ്ടപ്പോൾ മനസ്സിലായില്ലെന്ന് എയർ ഹോസ്റ്റസ് പറഞ്ഞതായും താരം വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഷെഫാലി ഇക്കാര്യങ്ങൾ ആരാധകരുമായി പങ്കുവച്ചത്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. സ്ക്രീനിൽ കഥാപാത്രമാകുമ്പോഴുള്ളതു പോലെയല്ല. യഥാർത്ഥത്തിലുള്ള വ്യക്തിയായി പൊതുജനങ്ങള്ക്കിടയിലെത്താനാണ് തനിക്കിഷ്ടമെന്നും ഷെഫാലി ഷാ പറഞ്ഞു.
മടിയിൽ പുസ്തകവുമായി വിമാനത്തിൽ കിടന്നുറങ്ങുന്ന ചിത്രമാണ് ഷെഫാലി ഷാ പങ്കുവച്ചത്. ‘എനിക്കു പ്രഭാത ഭക്ഷണവുമായി വന്ന എയർ ഹോസ്റ്റസ് കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്നും അല്ലെങ്കിൽ ഉറക്കത്തിൽ താഴെ വീണുപോകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ശരിയാണ്. അത്തരത്തിൽ നിരവധി വസ്തുക്കൾ മുൻപ് താഴെ വീണിട്ടുണ്ട്. ആ എയർഹോസ്റ്റസിന്റെ ഉപദേശം എനിക്ക് ഇഷ്ടമായി. തുടർന്ന് ഞാൻ ചെയ്ത സിനിമകൾ ഇഷ്ടമായെന്ന് അഭിനന്ദിച്ചു.’– ഷെഫാലി പറഞ്ഞു. വിമാനത്തിലെ ക്രൂ അംഗങ്ങൾക്ക് ആദ്യം തന്നെ മനസ്സിലായില്ലെന്ന് എയർ ഹോസ്റ്റസ് പറഞ്ഞതായും ഷെഫാലി വ്യക്തമാക്കി. ‘അൽപ സമയത്തിനു ശേഷം തിരികെ എത്തിയ എയർ ഹോസ്റ്റസ് എന്നോട് ഇങ്ങനെ പറഞ്ഞു: എനിക്കും മറ്റു ക്രൂ അംഗങ്ങൾക്കും താങ്കളെ ആദ്യം മനസ്സിലായില്ല. സ്ക്രീനിൽ കാണുന്നതിലും ഒരുപാട് വ്യത്യസ്തയാണ് താങ്കൾ. പക്ഷേ, താങ്കളുടെ കഥാപാത്രങ്ങളെല്ലാം വളരെ മനോഹരമാണ്. ഇത്രയും പറഞ്ഞ് ചിരിച്ചു.
അവരുടെ ആ വാക്കുകളിൽ അവർ അഭിനന്ദിച്ചതാണോ അതോ അനുകമ്പയാണോ എന്ന് എനിക്കു മനസ്സിലായില്ല. യഥാർഥ ജീവിതത്തിൽ നമ്മൾ നമ്മളായി നിൽക്കുന്നതാണ് നല്ലതെന്നു ഞാൻ അവരോടു പറഞ്ഞു. എന്നാൽ അങ്ങനെ പറഞ്ഞതിൽ ക്ഷമയും ചോദിച്ചു. എന്റെ വ്യക്തിത്വത്തെ അപമാനിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും മറിച്ച് മേക്കപ്പ് ആർട്ടിസ്റ്റുകളെ അഭിനന്ദിച്ചതാണെന്നും അവർ വിശദീകരിച്ചു. ശേഷം എനിക്ക് ബ്രേക്ക് ഫാസ്റ്റ് നൽകി മടങ്ങി. എന്നാൽ ഈ സംസാരത്തിലൂടെ 1500 അടി മുകളിൽ വച്ച് എനിക്ക് എന്റെ അഭിരുചി നഷ്ടമായതായി തോന്നി. ചിലപ്പോൾ അവര് ഞാൻ ചെയ്ത കഥാപാത്രങ്ങളെയായിരിക്കും ഉദ്ദേശിച്ചത്. അങ്ങനെയെങ്കിൽ അത് അഭിനന്ദനമായിരിക്കുമല്ലോ. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെയായിരിക്കണം എന്ന് അവർ കരുതിയിരിക്കും. അതെന്റെ ജോലിയാണ്. അതിൽ ഞാൻ അഭിമാനം കണ്ടെത്തണം.’– എന്ന് കരുതിയതായും താരം വ്യക്തമാക്കി.






