
കഴിഞ്ഞ ദിവസം ലിയോ മക്മുള്ളിന്‍ എന്ന 23വയസ്സുകാരനുണ്ടായ അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലിയോ മക്മുള്ളിന്‍ എന്ന ഗ്ലാസ്ഗോ സ്വദേശി 235 അടി ഉയരമുള്ള ബിഗ് വണ്ണില്‍ സവാരി ചെയ്യാന്‍ ബ്ലാക്ക്പൂള്‍ പ്ലഷര്‍ ബീച്ചിലെത്തി. എന്നാല്‍ അദ്ദേഹത്തിന് തിരക്ക് നിമിത്തം രണ്ട് മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് ടിക്കറ്റ് ലഭിച്ചത്. ഒടുവില്‍ പതുക്കെ ഓടിത്തുടങ്ങിയ റോളര്‍കോസ്റ്റര്‍ വേഗത്തിലാവുകയും ഏറ്റവും ഉയരത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് ശക്തമായി കാറ്റ് വീശിയത്.
പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണെന്നാണ് ലിയോ മക്മുള്ളിന്‍ പറയുന്നു. ഏകദേശം 200 അടി ഉയത്തിലേക്ക് ലിയോയും സുഹൃത്തുക്കളും എത്തിയപ്പോഴാണ് കാറ്റ് അതിശക്തമായി വീശാന്‍ തുടങ്ങിയത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ ഇത്രയും ഉയരത്തില്‍ റോളര്‍കോസ്റ്റര്‍ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഓപ്പറേറ്റര്‍മാര്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും നിരവധി ആളുകള്‍ റോളര്‍കോസ്റ്ററിന്റെ പല ഉയരങ്ങളിലായി എത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി സഞ്ചാരികളെ താഴെ ഇറക്കി. ഇതുനിമിത്തം തങ്ങള്‍ക്ക് ഏതാണ്ട് 400 ല്‍ പരം പടികള്‍ ഇറങ്ങേണ്ടിവന്നെന്നാണ് ലിയോ പറഞ്ഞത്. ഇത്രയും ഉയരത്തില്‍ വച്ച് ഇത്തരെമൊരു അനുഭവം ആദ്യമായിട്ടാണെന്നും ഈ സമയമത്രയും താഴേയ്ക്ക് നോക്കാതിരിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നു ലിയോ പറഞ്ഞു.
ചില സമയങ്ങളില്‍ 154 കിമി വേഗതയില്‍വരെ കാറ്റ് വീശി. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനിലുടനീളം നോവ കൊടുങ്കാറ്റിന്റെ ഭാഗമായി അതിശക്തമായ കൊടുങ്കാറ്റാണ് വീശിയടിച്ചത്.






