
സിബിഐ മദ്യനയ അഴിമതികേസില് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് സാക്ഷിയായിട്ടെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ചോദ്യം ചെയ്യലിന് മണിക്കൂറുകള് മാത്രം ബാക്കിനില്ക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം. സിബിഐ വിളിപ്പിച്ചതിന് പിന്നില് ബാഹ്യ പ്രേരണ ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യം ഉറപ്പാണ്. അവര് ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും സത്യസന്ധമായിത്തന്നെ മറുപടി കൊടുക്കും. സിബിഐ 100 ദിവസം വിളിപ്പിച്ചാല് 100 ദിവസവും ഹാജരാകും. താന് അഴിമതിക്കാരനാണെങ്കില് ലോകത്തില് സത്യസന്ധരായി ആരും തന്നെ ഇല്ലെന്ന് ഡല്ഹി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ പാര്ട്ടികളെ ഇല്ലാതാക്കാന് ശ്രമിക്കുന്നതായ വിമര്ശനങ്ങള് ശക്തിപ്പെടുന്നതിനിടെയാണ് മദ്യനയ അഴിമതി കേസില് കെജ്രിവാളിനെ സാക്ഷിയാക്കി സിബിഐ സമന്സ് അയച്ചത്. ഇന്ന് രാവിലെ 11 മണിക്ക് സെന്ട്രല് ഡല്ഹിയിലെ ലോദി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യല്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാള് എത്തുകയെന്നാണ് വിവരം. എഎപി എംപിമാരും ചില മന്ത്രിമാരും കെജ്രിവാളിന് പിന്തുണ അറിയിയ്ക്കാനെത്തും.
സമീപകാലത്ത് ഭരണത്തിലിരിയ്ക്കുമ്പോള് തന്നെ ഒരു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ചോദ്യം ചെയ്യലിന് എത്തുന്നത് ഇത് ആദ്യമാണ്. എഎപി പ്രവര്ത്തകര് പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് ചുറ്റും ഡല്ഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. മദ്യലോബിക്ക് അനുകൂലമായി നയം രൂപീകരിച്ചെന്നായിരുന്നു എഎപി സര്ക്കാരിനെതിരെ അന്വേഷണ ഏജന്സികളുടെ ആരോപണം. പ്രതിപക്ഷ പാര്ട്ടികള് കെജ്രിവാളിന് പിന്തുണ അറിയിച്ചിട്ടുണ്ട്.







Comments