
ന്യൂഡൽഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ആശ്വാസം പകർന്നു കൊണ്ട്, റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട നിരവധി ഉപരോധങ്ങളും തീരുവകളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി. കഴിഞ്ഞ മാസം ഒപ്പുവെച്ച ബിൽ പ്രകാരം ഈ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ നടപടി.
"ദേശീയ താൽപ്പര്യം" മുൻനിർത്തിയാണ് ഈ താൽക്കാലിക ഇളവ് എന്ന് ട്രംപ് വ്യക്തമാക്കി. ഗ്രഹാം ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഉപരോധങ്ങൾ, നിയന്ത്രണങ്ങൾ, തീരുവകൾ എന്നിവ നടപ്പിലാക്കുന്നത് ഒഴിവാക്കുന്നു. ഇത്തരമൊരു ഇളവ് നൽകുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ താൽപ്പര്യത്തിന് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കേഷൻ കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ട് എന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് പറഞ്ഞു.
എന്നാൽ, റഷ്യയുമായി ബന്ധപ്പെട്ട തീരുവകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തലാക്കുക മാത്രമാണ് ഈ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്. അതായത് ഭാവിയിൽ വേണമെങ്കിൽ ട്രംപിന് ഇവ വീണ്ടും നടപ്പിലാക്കാൻ കഴിയും.
വാഷിംഗ്ടണിലെ യുക്രെയ്ന്റെ തീവ്ര പിന്തുണക്കാരിലൊരാളായ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിലുള്ള 'ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026'- ൽ ട്രംപ് ഒപ്പുവച്ചിരുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ അഞ്ച് ഉപഭോക്താക്കളായ ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം വരെ താരിഫ് ചുമത്താനും, നിരവധിയായ റഷ്യൻ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താനും, റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതിക്ക് 500 ശതമാനം താരിഫ് ചുമത്താനും ഈ നിയമം ട്രംപിന് 30 ദിവസത്തെ സമയപരിധി നൽകിയിരുന്നു. ഒരു മാസത്തെ സമയപരിധി നാളെ, ഒക്ടോബർ 18-ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.







Comments