
തൃശൂര്‍: ഇ.ഡി. അന്വേഷിക്കണോ കേരള പോലീസ് അന്വേഷിക്കണോ എന്ന തര്ക്കത്തില്പെട്ടു കൊടകര കുഴല്‍പ്പണക്കേസ് "കിതയ്ക്കുന്നു". സംഭവം നടന്നു രണ്ടു വര്‍ഷമാകുമ്പോഴാണ് ഈ അവസ്ഥ! ഇ.ഡി.-കേരള പോലീസ് അന്വേഷണത്തര്ക്കം ആസൂത്രിതമാണെന്ന് ആരോപണമുണ്ട്. ഇ.ഡി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നല്‍കിയെന്നാണു പോലീസും പ്രോസിക്യൂഷനും പറയുന്നത്. എന്നാല്‍, ഇ.ഡി. പ്രതികരിച്ചിട്ടില്ല. തട്ടിയെടുത്ത മൂന്നരക്കോടിരൂപയിൽ ഒന്നരക്കോടി ഇനിയും കണ്ടെത്താനുമായില്ല.
തുടക്കത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കാന്‍ കൊടകര കുഴല്‍പ്പണക്കേസ് ഉപയോഗിച്ച സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും പിന്നീടു പിന്മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു സംസ്ഥാനെത്ത ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണം എന്നാണ് പ്രാഥമിക നിഗമനമായി പോലീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു.
2021 ഏപ്രില്‍ നാലിനു പുലര്‍ച്ചെ 4.40 നു കൊടകരയില്‍ വ്യാജ അപകടമുണ്ടാക്കി കാര്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതിനിടെ കാറില്‍നിന്നു മൂന്നരക്കോടി രൂപ കവര്‍ന്നു. കാര്‍ ഡ്രൈവര്‍ ഷംജീര്‍ ഏപ്രില്‍ ഏഴിനാണ് പരാതി നല്‍കിയത്. കാറില്‍ 25 ലക്ഷം രൂപയുണ്ടായിരുന്നു എന്നാണ് ആദ്യ മൊഴി. അന്വേഷണത്തില്‍ ഇതു മൂന്നരക്കോടിയാണെന്നു പോലീസ് കണ്ടെത്തി. ഇരിങ്ങാലക്കുട കോടതിയിലും ഈ നിലപാടാണ് പോലീസ് സ്വീകരിച്ചത്. 23 പേരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, മകന് എന്നിവരുള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സുരേന്ദ്രന്റെ ടെലഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചു. അതിനുശേഷം അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.
കണ്ണൂരിലേക്കും ഗുണ്ടാസംഘങ്ങളിലേക്കും അന്വേഷണം നീണ്ടെങ്കിലും മുഴുവന്‍ തുകയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കേസ് ഇ.ഡി. അന്വേഷിക്കട്ടെ എന്നു സര്‍ക്കാര്‍ ചുവടുമാറ്റി. പ്രത്യേക അന്വേഷണസംഘത്തലവനെയും മാറ്റിയതോടെ തുടര്‍നടപടികള്‍ക്ക് ഒച്ചിന്റെ വേഗമായി. കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന പോലീസിനു താല്പര്യം നഷ്ടമായതും ദുരൂഹമായി. കേസില്‍ പ്രതികളെ അന്തിമ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ബാക്കിയാണ്.
ബി.ജെ.പി-സി.പി.എം. അന്തര്‍ധാരയുടെ ഭാഗമായി കേസ് ഒതുക്കിയെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കിയ കൊടകരക്കേസിൽനിന്ന് ഇരുമുന്നണികളും പിന്മാറുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതോടെ കേസ് ദുര്‍ബലാവസ്ഥയിലുമായി. എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടുകയും ചെയ്തു.






