
ലക്നൗ: അയോധ്യ രാമക്ഷേത്ര നിക്ഷേപ മോഷണക്കേസില്‍ മോഷ്ടിച്ച പണം താല്‍ക്കാലികമായി സൂക്ഷിച്ചിരുന്നത് ശുചിമുറിയില്‍. അറസ്റ്റിലായ എട്ട് പ്രതികളില്‍ ഒരാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പണം പുറത്തു കൊണ്ടുപോകുന്നതിന് മുമ്പായി സൂക്ഷിച്ചിരുന്നത് ശൗചാലയത്തിലായിരുന്നു എന്നാണ് നല്കിയ മൊഴി.
കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പോലീസ് അവിനാഷ് ശുക്ലയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലില്‍ കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി സമ്മതിച്ച പ്രതി, മോഷണം നടത്തിയ രീതിയെക്കുറിച്ചും വിവരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ ക്യാമറകളില്‍ പെടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തിരുന്നത്. ഉപയോഗിച്ച രീതികളെക്കുറിച്ചും, നിക്ഷേപം എണ്ണുന്ന സംവിധാനത്തിലെ പോരായ്മകളെക്കുറിച്ചും പ്രതി വിവരിച്ചതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടയില്‍, ക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്രയുടെ പേര് വീണ്ടും ഉയര്‍ന്നുവന്നു. പണം എണ്ണുന്ന പ്രക്രിയയില്‍ അദ്ദേഹത്തിന് സുപ്രധാന പങ്കുണ്ടായിരുന്നതായി പ്രതി അവകാശപ്പെട്ടു.
വീഴ്ചകള്‍ സംഭവിച്ചുവെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന്, അനില്‍ മിശ്രയും ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. അവിനാഷ് ശുക്ലയെക്കൂടാതെ, ചമ്പത് റായിയുടെ അടുത്ത അനുയായി എന്ന് പറയപ്പെടുന്ന രമാശങ്കര്‍ എന്ന ടിന്നു യാദവ്, പണമെണ്ണല്‍ വിഭാഗത്തിന്റെ ചുമതലക്കാരനായ സുഭാഷ് ശ്രീവാസ്തവ, ജീവനക്കാരായ അനുകല്പ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, രാം ശങ്കര്‍ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് ഏഴ് പ്രതികള്‍.
പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരമനുസരിച്ച്, പണം എണ്ണുന്ന മുറിയുടെ ഒരു താക്കോല്‍ ടിന്നു യാദവിന്റെ കൈവശവും മറ്റൊന്ന് ബാങ്ക് ജീവനക്കാരുടെ കൈവശവുമായിരുന്നുവെന്ന് അവിനാഷ് ശുക്ല പൊലീസിനോട് പറഞ്ഞു. പലരും ചേര്‍ന്ന് ആസൂത്രിതമായാണ് മോഷണം നടത്തിയത്. ഒരാള്‍ പണമെടുക്കുമ്പോള്‍ മറ്റുള്ളവര്‍ അയാള്‍ക്ക് ചുറ്റും ഒരു മറ സൃഷ്ടിക്കുകയായിരുന്നു പതിവ്.
ക്ഷേത്രസമുച്ചയത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ കൃത്യമായ സ്ഥാനം പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇത് മുതലെടുത്ത് ക്യാമറകളില്‍ പെടാതെ അവര്‍ പണം ശുചിമുറികള്‍ പോലുള്ള സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെക്കുകയും, പിന്നീട് അവസരം ലഭിക്കുമ്പോള്‍ പുറത്തേക്ക് കടത്തുകയും ചെയ്തു. ട്രസ്റ്റുമായി ബന്ധപ്പെട്ടവരുമായുള്ള അടുത്ത ബന്ധം കാരണം തങ്ങളെ ആരും സംശയിച്ചിരുന്നില്ലെന്നും കൃത്യമായ നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നും ശുക്ല അവകാശപ്പെട്ടു.
ക്ഷേത്രസമുച്ചയത്തിലെ ക്യാമറകള്‍ കണ്ട്രോള് റൂമില്‍ നിന്ന് നിരീക്ഷിച്ചിരുന്നെങ്കിലും, സുരക്ഷാ ജീവനക്കാര്‍ തങ്ങളുടെ നീക്കങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്തിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച പണം ഉപയോഗിച്ച് വസ്തുവും വീടും വാങ്ങിയതായി ശുക്ല സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.
മോഷണവിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ജൂണ്‍ 13-നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ, ജൂണ്‍ 5-ന് അവിനാഷ് ശുക്ലയുടെ വീട്ടില്‍ നിന്ന് ട്രസ്റ്റ് ഭാരവാഹികള്‍ 58 ലക്ഷം രൂപ കണ്ടെടുത്തിരുന്നതായി ഈ ആഴ്ച ആദ്യം വെളിപ്പെട്ടിരുന്നു. ബാക്കി തുക ജൂണ്‍ 5 നും 8 നും ഇടയില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി തിരികെ നല്‍കുകയും ചെയ്തു.






