
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്നേശ്വരി (27)യാണ് മരിച്ചത്.
നാഗരാജൻ–കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയും ഭർത്താവും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്ക് മക്കളില്ലായിരുന്നു. ഇതിന്റെ പേരിൽ വിഘ്നേശ്വരി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ഭർത്താവിന്റെ കുടുംബത്തിന്റെ വിശദീകരണം.
വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് ഭർത്താവിന്റെ പിതാവ് ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. നിരവധി തവണ ഫോൺ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽച്ചില്ല് തകർത്ത് അകത്തേക്ക് നോക്കിയപ്പോഴാണ് വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികം കഴിഞ്ഞതെന്നും കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ചന്ദ്രൻ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
അതേസമയം, വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നതായും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് അറിയില്ലെന്നും യുവതിയുടെ സഹോദരൻ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് വിഘ്നേശ്വരിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയാണ്.






