
എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ഇനി ഒരു തുള്ളി രക്തത്തില്‍ നിന്ന് നിര്‍ണയിക്കാം. െഡന്മാര്ക്ക് കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ ഗവേഷകരാണ് ഇത്തരത്തിലൊരു സംവിധാനം കണ്ടെതിയത്. സാധാരണ നടത്തുന്ന രക്ത പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി രക്തത്തുള്ളികളെ ഉണക്കി സൂക്ഷിക്കുന്ന ഡ്രൈഡ് ബ്ലഡ് സ്പോട്ട് പരിശോധനയാണിത്.
ഗവേഷണത്തിന് നേതൃത്വം നല്കിയ സര്‍വകലാശാല ക്ലിനിക്കല്‍ മൈക്രോബയോളജി വകുപ്പിലെ സ്റ്റീഫന്‍ നില്‍സണ്‍-മോളര്‍ നിലവില്‍ ഉപയോഗിക്കുന്ന ആശുപത്രി പരിശോധന ഉപകരണം വച്ചുകൊണ്ടു തന്നെ ഈ പരിശോധന നടത്താന്‍ സാധിക്കുമെന്ന് പറഞ്ഞു. റൂം താപനിലയില്‍ ആറ് മണിക്കൂറിനുള്ളില്‍ തന്നെ സാധാരണ രക്ത സാംപിളുകള്‍ അവലോകനം ചെയ്യപ്പെടണം. എന്നാല്‍ ഉണക്കിയ രക്ത സ്പോട്ടുകള്‍ ഒന്‍പത് മാസത്തോളം ഫ്രിജില്‍ വയ്ക്കാതെ തന്നെ സൂക്ഷിക്കാനാകും.
പരിശോധന നടത്തുമ്പോള്‍ രക്തമെടുക്കാന്‍ സിറിഞ്ച് ആവശ്യമായി വരുന്നില്ലായെന്നത് ഇതിന്റെ പ്രത്യേകതയാണ്. കൈയില്‍ ചെറുതായി കുത്തി രക്തത്തുള്ളികള്‍ ഫില്‍റ്റര്‍ പേപ്പറിലേക്ക് ഇറ്റിച്ച ശേഷം ഇതിനെ ഉണക്കുന്നു. ഈ ഉണങ്ങിയ രക്തത്തില്‍ നിന്നാണ് ലാബുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഹോളോജിക് പാന്തര്‍ സിസ്റ്റം ഉപയോഗിച്ച് ട്രാന്‍സ്ക്രിപ്ഷന്‍-മെഡിറ്റേറ്റഡ് ആംപ്ലിഫിക്കേഷന്‍ സങ്കേതത്തിലൂടെയാണ് അവലോകനം നടത്തുന്നത്. പരിശോധനയില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകളുടെ ന്യൂക്ലിക് ആസിഡാണ് തിരിച്ചറിയുക. ഡ്രൈഡ് ബ്ലഡ് സ്പോട്ട് മാര്‍ഗ്ഗത്തിലൂടെ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ സാന്നിധ്യമുള്ള 20 വീതം സാംപിളുകളില്‍ പരിശോധന നടത്തിയതില്‍ എല്ലാം സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.
ലാബുകളില്‍ ആറ് മണിക്കൂറിനകം രക്തസാംപിളുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിള്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാം.
സുരക്ഷ കാരണങ്ങളാല്‍ സൂചി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുളള ജയിലുകള്‍, ലഹരിമരുന്ന് പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രൈഡ് സ്പോട്ട് ടെസ്റ്റ് ഏറ്റവും അനുയോജ്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു .






