
ജോലി, വിനോദം, ബാങ്കിംഗ്, ഷോപ്പിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ മീഡിയ ഉപയോഗം ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്ന് ഡിജിറ്റലായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വിരലുകള്‍ക്ക് അല്പം വിശ്രമം നല്‍കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. രാവിലെ ഉണരുന്നതു മുതല്‍ വിരലുകള്‍ നിരന്തരം ടാപ്പിംഗ്, സ്‌ക്രോളിംഗ്, ടൈപ്പിംഗ്, ക്ലിക്ക് ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നമ്മുടെ ശ്രദ്ധ മുഴുവന്‍ സ്‌ക്രീനുകളില്‍ പതിയുമ്പോള്‍, കൈകളും തള്ളവിരലുകളും കൈത്തണ്ടയും നിശബ്ദമായി വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ദിവസവും ഇത്തരം ചലനങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍, തുടക്കത്തില്‍ ഈ അസ്വസ്ഥതകള്‍ താല്‍ക്കാലികമോ ദോഷകരമല്ലാത്തതോ ആയി തോന്നാം. എന്നാല്‍, നീണ്ടുനില്‍ക്കുന്ന ചില ലക്ഷണങ്ങള്‍ ഇതിനുണ്ടാകാം. ഈ അവസ്ഥയെയാണ് 'ടെക്സ്റ്റ് ക്ലോ' എന്ന് വിളിക്കുന്നത്.
കൈയിലെയും കൈത്തണ്ടയിലെയും പേശികള്‍, ടെന്‍ഡനുകള്‍ (tendons), സന്ധികള്‍, ഞരമ്പുകള്‍ എന്നിവയ്ക്ക് അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന പരിക്കുകളുടെ (overuse injuries) ഒരു കൂട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ടാപ്പ് ചെയ്യുന്നതും, സൈ്വപ്പ് ചെയ്യുന്നതും, സ്‌ക്രോള്‍ ചെയ്യുന്നതുമെല്ലാം വളരെ എളുപ്പമുള്ള കാര്യങ്ങളായി തോന്നാം. ഓരോ ചലനവും വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും, ദിവസത്തില്‍ ആയിരക്കണക്കിന് തവണയാണ് നമ്മളിത് ആവര്‍ത്തിക്കുന്നത്. ഇത് കൈകള്‍ക്കും തള്ളവിരലിനും കൈത്തണ്ടയ്ക്കും വലിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. മനുഷ്യന്റെ കൈകള്‍ ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ടതല്ലെന്ന് ഓര്‍മ്മിയ്ക്കപ്പെടണം. ഇത്തരം ചലനങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോള്‍ തള്ളവിരലിനും കൈത്തണ്ടയ്ക്കും ചുറ്റുമുള്ള ടെന്‍ഡനുകളില്‍ അസ്വസ്ഥതയും വീക്കവും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സാധാരണയായി 'ടെക്സ്റ്റിംഗ് തമ്പ്' (texting thumb) എന്നും വിളിക്കുന്നു.
നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രാരംഭ ലക്ഷണങ്ങള്‍
* തള്ളവിരലിലെ വേദന അല്ലെങ്കില്‍ വലിഞ്ഞു മുറുകല്‍ (stiffness)
* കൈത്തണ്ടയിലെ (wrist) അസ്വസ്ഥത
* വിരലുകളില്‍ തരിപ്പും മരവിപ്പും
* ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിച്ചതിന് ശേഷം കൈകളില്‍ ഉണ്ടാകുന്ന വേദന (cramping)
*കൈകളുടെ പിടുത്തത്തിന് (grip strength) ബലക്കുറവ് അനുഭവപ്പെടുക
* വിരലുകള്‍ മടക്കുമ്പോഴോ നിവര്‍ത്തുമ്പോഴോ ഉണ്ടാകുന്ന ശബ്ദം (clicking) അല്ലെങ്കില്‍ വിരലുകള്‍ ലോക്കാവുക
* രാത്രികാലങ്ങളില്‍ വേദന കൂടുക
ഈ ലക്ഷണങ്ങള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുകയും വിശ്രമിച്ചിട്ടും മാറാതെ വരികയും ചെയ്താല്‍, വൈകിക്കാതെ അടിയന്തിരമായി ഒരു ഡോക്ടറുടെ സഹായം തേടണം.
ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ ?
വേദന ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നത് വരെ പലരും ഇത് അവഗണിക്കുകയാണ് പതിവ്. കൃത്യമായ മെഡിക്കല്‍ സഹായം തേടുന്നതിന് പകരം ബാമുകള്‍ (balms) പുരട്ടി താല്‍ക്കാലിക ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് തെറ്റായ പ്രവണതയാണ്. തുടര്‍ച്ചയായ ചലനങ്ങള്‍ കാരണം ഉണ്ടാകുന്ന ചെറിയ വീക്കങ്ങള്‍ കാലക്രമേണ കഠിനമായ അവസ്ഥകളിലേക്ക് വഴിമാറാം, ഉദാഹരണത്തിന്:
* ടെന്‍ഡിനൈറ്റിസ് (Tendinitis)
* ട്രിഗര്‍ ഫിംഗര്‍ (Trigger finger)
* കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം (Carpal tunnel syndrome)
* ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രോം (Cubital tunnel syndrome)
* വിട്ടുമാറാത്ത ഞരമ്പ് ഞെരുക്ക രോഗങ്ങള്‍ (Chronic nerve compression disorders)
'ടെക്സ്റ്റ് ക്ലോ' എങ്ങനെ പ്രതിരോധിക്കാം ?
1. കൃത്യമായ ഇടവേളകള്‍ എടുക്കുക - ഫോണ്‍ തുടര്‍ച്ചയായി ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഓരോ 30 മുതല്‍ 45 മിനിറ്റിലും ചെറിയ ഇടവേളകള്‍ എടുക്കുക.
2. വിരലുകളും കൈത്തണ്ടയും സ്‌ട്രെച്ച് ചെയ്യുക - വിരലുകള്‍ പതുക്കെ വലിയ്ക്കുന്നതും തിരിക്കുന്നതും പേശികള്‍ക്ക് ആശ്വാസം നല്‍കാനും കൈകളുടെ വലിഞ്ഞു മുറുകല്‍ കുറയ്ക്കാനും സഹായിക്കും.
3. ഫോണ്‍ അമിതമായി മുറുക്കി പിടിക്കരുത് - ടെക്സ്റ്റ് ചെയ്യുമ്പോഴോ, സ്‌ക്രോള്‍ ചെയ്യുമ്പോഴോ, വീഡിയോ കാണുമ്പോഴോ ഫോണ്‍ കൈകളില്‍ ശക്തിയായി അമര്‍ത്തിപ്പിടിക്കുന്നത് ഒഴിവാക്കുക.
4. കൈത്തണ്ട നേരെ വെക്കുക (Neutral Position) - ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കുമ്പോള്‍ കൈത്തണ്ട അമിതമായി വളച്ചു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
5. വോയ്സ്-ടു-ടെക്സ്റ്റ് ഫീച്ചറുകള്‍ ഉപയോഗിക്കുക - സംസാരിച്ച് ടൈപ്പ് ചെയ്യുന്ന രീതി ഉപയോഗിക്കുന്നത് വഴി വിരലുകളുടെ ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ കുറയ്ക്കാം.
6 വലിയ കീബോര്‍ഡുകള്‍ ഉപയോഗിക്കുക - വലിയ കീബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വഴി ടൈപ്പിംഗ് കൂടുതല്‍ എളുപ്പമാകും.
7 ഹാന്‍ഡ്സ് ഫ്രീ ആക്സസറികള്‍ പരീക്ഷിക്കുക - ഫോണ്‍ സ്റ്റാന്‍ഡുകള്‍, ഇയര്‍ഫോണുകള്‍ അല്ലെങ്കില്‍ മറ്റ് ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഫോണ്‍ എപ്പോഴും കൈയില്‍ പിടിക്കുന്നത് ഒഴിവാക്കാം.
8. ശരിയായ ശാരീരിക നില (Posture) നിലനിര്‍ത്തുക - ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കഴുത്ത്, തോളുകള്‍, കൈത്തണ്ട എന്നിവ ദീര്‍ഘനേരം വളച്ചു വെക്കരുത്.
9 ശരിയായ വര്‍ക്ക്‌സ്റ്റേഷന്‍ ഉറപ്പാക്കുക - ജോലി ചെയ്യുമ്പോള്‍ മുന്‍കൈകള്‍ക്കും (forearms) കൈത്തണ്ടയ്ക്കും ആവശ്യമായ സപ്പോര്‍ട്ട് ലഭിക്കുന്ന രീതിയിലുള്ള മേശയും കസേരയും ഉപയോഗിക്കുക.
10 വ്യായാമങ്ങളില്‍ ഏര്‍പ്പെടുക - കൃത്യമായ ശാരീരിക ചലനങ്ങളും വ്യായാമങ്ങളും തോളുകള്‍, കൈകള്‍, കൈത്തണ്ടകള്‍ എന്നിവയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കും.






