
ദില്ലി: ദില്ലിയില്‍ കാമുകിയോട് സംസാരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ 18 കാരനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. രാഹുല്‍ എന്ന 18 കാരനോട് ആണ് അക്രമി സംഘത്തിന്റെ കൊടും ക്രൂരത അരങ്ങേറിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ അഞ്ച് പേരെയും പോലീസ് പിടികൂടി. ഇതില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ക്ക് യുവാവിനോട് തോന്നിയ വൈരാഗ്യമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിസമാണ് ദില്ലിയെ നടുക്കിയ സംഭവം ഉണ്ടായത്. ദില്ലിയിലെ അംബേദ്ടര് നഗറില്‍ രാത്രി 10 മണിക്കായിരുന്നു സംഭവം. രാഹുലിന്റെ കാമുകിയുമായി സംസാരിക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണം. പെണ്‍കുട്ടിയോട് സംസാരിക്കാന്‍ രാഹുല്‍ അനുവദിക്കാത്തതില്‍ പ്രതികാരം ചെയ്യാനായി ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഒടുവില്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ വിവരമറിഞ്ഞെത്തിയ പൊലീസ് രാഹുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഐ പി സി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെന്നും പ്രതികളെല്ലാം പിടിയിലായെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതികള്‍ എല്ലാവരും കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.






